അപവാദ പ്രചാരണങ്ങൾ ജനം തമസ്​കരിച്ചു -സി.പി.എം

കണ്ണൂർ: എൽ.ഡി.എഫ് സർക്കാറിനെതിരായി യു.ഡി.എഫും ബി.ജെ.പിയും നടത്തിയ അപവാദ പ്രചാരണങ്ങൾ ജനങ്ങൾ തമസ്​കരിച്ചുവെന്നും ഈ വിജയം ജനാധിപത്യത്തി​ൻെറയും മതനിരപേക്ഷതയുടെയും വിജയമാണെന്നും സി.പി.എം ജില്ല കമ്മിറ്റി. എൽ.ഡി.എഫ് സർക്കാർ നടത്തിയ വികസനക്ഷേമ പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. ബി.ജെ.പിയുമായും ജമാഅത്തെ ഇസ്​ലാമിയുമായും കൂട്ടുകൂടിയിട്ടും ജില്ലയിൽ യു.ഡി.എഫിന് ദയനീയമായ പതനമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിനുമുമ്പ്, ജില്ലയിൽ എൽ.ഡി.എഫ് കള്ളവോട്ട് ചെയ്യുമെന്ന കോൺഗ്രസ്​ കള്ളപ്രചാരണം ജനങ്ങളിൽ ഏശിയില്ല. പണം നൽകിയും ഭീഷണിപ്പെടുത്തിയും അക്രമം നടത്തിയും വോട്ടർമാരെ വശത്താക്കാനുള്ള യു.ഡി.എഫ് നീക്കവും പൊളിഞ്ഞു. കോൺഗ്രസിന് ഒരു സീറ്റുമില്ലാത്ത നിരവധി തദ്ദേശ സ്​ഥാപനങ്ങൾ ജില്ലയിലുണ്ട്. വർഷങ്ങളായി കോൺഗ്രസ് കുത്തകയായിരുന്ന കണിച്ചാറും സ്​ഥിരമായി യു.ഡി.എഫ് ജയിച്ചുവരുന്ന ചെറുപുഴയും പയ്യാവൂരും ആറളവും എൽ.ഡി.എഫ് നേടിയത്​ അഭിമാനകരമാണ്. ചിലയിടങ്ങളിൽ കോൺഗ്രസിനെ ജയിപ്പിച്ചത് അവരുടെയൊ​െക്ക ചങ്ങാതിയായ ബി.ജെ.പിയാണ്. അതിന് പ്രത്യുപകാരമായി കോൺഗ്രസ് വോട്ട് ബി.ജെ.പിക്കും നൽകി. കോൺഗ്രസിന് ആയിരത്തിലെറെ വോട്ടുള്ള ചിറക്കൽ പഞ്ചായത്തിലെ അലവിൽ വാർഡിൽ കൂട്ടത്തോടെ കോൺഗ്രസുകാർ ബി.ജെ.പിക്ക് വോട്ട് ചെയ്താണ് ബി.ജെ.പി സ്​ഥാനാർഥിയെ വിജയിപ്പിച്ചത്. വളപട്ടണത്ത് ലീഗ് വെൽഫെയർ പാർട്ടിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയപ്പോൾ ഒറ്റക്ക് മത്സരിച്ച കോൺഗ്രസിന് ഒറ്റ സീറ്റിൽ ഒതുങ്ങേണ്ടിവന്നു. ലീഗുമായി കൂട്ടുകെട്ടുണ്ടാക്കി നേട്ടമുണ്ടാക്കാമെന്ന് കരുതിയ വെൽഫെയറിന് ഒരു സീറ്റും കിട്ടിയില്ല. വർഗീയതയുമായി കൂട്ടുകൂടുന്നവരെ ജനങ്ങൾ തോൽപിക്കുമെന്നാണ് ഇൗ വിജയം തെളിയിക്കുന്നതെന്നും സി.പി.എം ജില്ല കമ്മിറ്റി പ്രസ്​താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.