ചെങ്ങളായി പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കും വോട്ടർമാർക്കും സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവ്

സി.പി.എം നിരന്തരം ആക്രമണം നടത്തുന്ന വാർഡുകളിലാണ് സുരക്ഷയും കാമറയും ഒരുക്കാനായി കോടതിയെ സമീപിച്ചതെന്ന് യു.ഡി.എഫ് ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്കും ബൂത്ത് ഏജൻറുമാർ, ചീഫ് എജൻറുമാർ ഉൾപ്പെടെ മുഴുവൻ വോട്ടർമാർക്കും സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവിട്ടു. സംരക്ഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ കെ.സി. വിജയൻ അഭിഭാഷകരായ സി.പി. പീതാംബരൻ, വി.എ. മിനി, പി.എ. ഷൈന എന്നിവർ മുഖേന നൽകിയ ഹരജിയിലാണ് ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പഞ്ചായത്തിലെ 12 വാർഡുകളിലുള്ളവർക്കും ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർഥികൾക്കും സുരക്ഷ ഒരുക്കണമെന്നും വെബ് കാമറ അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ സ്ഥാനാർഥിയുടെ ചെലവിൽ കാമറ സ്ഥാപിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഇത് നടപ്പാക്കാൻ ജില്ല പൊലീസ് മേധാവിക്കും ജില്ല കലക്ടർക്കും നിർദേശം നൽകി. ജസ്​റ്റിസ് പി.ബി. സുരേഷ് കുമാറാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിരന്തരം സി.പി.എം ആക്രമണം നടത്തുന്ന വാർഡുകളിലാണ് സുരക്ഷയും കാമറയും ഒരുക്കാനായി കോടതിയെ സമീപിച്ചതെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. കൊളത്തൂർ, കണ്ണാടിപ്പാറ, മമ്മലത്തുംകരി, ചുഴലി, നിടുവാലൂർ, കുണ്ടംക്കൈ, പെരിങ്കോന്ന്, പെരിന്തലേരി, മണക്കാട്, തട്ടേരി, മുണ്ടത്തടം, ചെങ്ങളായി സൗത്ത് എന്നീ വാർഡുകളിലാണ് സുരക്ഷ ഒരുക്കേണ്ടത്. ഇതിൽ എട്ട് വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ ചെലവിൽ കാമറയും സ്ഥാപിക്കും. കോടതി വിധി നടപ്പാക്കിയിട്ടുണ്ടോയെന്ന് 18ന് നടക്കുന്ന വിചാരണയിൽ കോടതി പരിശോധിക്കും. ലംഘനമുണ്ടായാൽ പരാതിക്കാർക്ക് അനുകൂലമായി തുടർ നടപടി സ്വീകരിക്കും. മുൻകാലങ്ങളിൽ കാമറകൾ ഓഫ് ചെയ്ത് ബൂത്ത് പിടിക്കുന്നത് സി.പി.എം പതിവാക്കിയിരുന്നുവെന്നും ഇത്തവണയും ഭീഷണി തുടങ്ങിയിട്ടുണ്ടെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. തുടർച്ചയായി ഇടതുപക്ഷം ഭരിക്കുന്ന ചെങ്ങളായിയിൽ വികസന നേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ അപവാദം പറഞ്ഞുപരത്തി മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും കൃത്യമായി തെരഞ്ഞെടുപ്പ് നടന്നാൽ യു.ഡി.എഫ് ചെങ്ങളായി ഭരിക്കുമെന്നും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ കെ.സി. വിജയൻ, ട്രഷറർ മനോജ് പാറക്കാടി, യൂത്ത് ലീഗ് ജില്ല കമ്മിറ്റിയംഗം അജ്മൽ ചുഴലി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശ്രീകണ്ഠപുരത്ത് യു.ഡി.എഫ് സ്ഥാനാർഥിക്ക് സുരക്ഷയൊരുക്കാൻ ഹൈകോടതി ഉത്തരവ് ശ്രീകണ്ഠപുരം: നഗരസഭ 17ാം വാർഡായ നെടുങ്ങോത്തെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി എ.പി. മുനീറിന് സുരക്ഷയൊരുക്കാൻ ഹൈകോടതി ഉത്തരവിട്ടു. സമാധാനപരമായി പ്രചാരണം നടത്താനും തെരഞ്ഞെടുപ്പ് ദിനത്തിൽ സ്ഥാനാർഥിയായ തനിക്കും ബൂത്ത് ഏജൻറുമാർക്കും സംരക്ഷണം ഒരുക്കാനും കാമറകൾ സ്ഥാപിക്കാനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മുനീർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. അഭിഭാഷകനായ മനാസ് പി. ഹമീദ് മുഖേനയാണ് ഹരജി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ സ്ഥാനാർഥിക്കും ബൂത്ത് ഏജൻറുമാർക്കും പൊലീസ് സംരക്ഷണം നൽകണമെന്ന് ജില്ല പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി. തെരഞ്ഞെടുപ്പ് ദിനത്തിൽ ബൂത്തുകളിൽ കാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി കള്ളവോട്ട് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജില്ല കലക്ടറോടും കോടതി നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.