ആന്തൂരിൽ മൂന്ന് വാർഡുകളിൽ ഒരേ പേരുകാർ ഏറ്റുമുട്ടുന്നു

തളിപ്പറമ്പ്: തെരഞ്ഞെടുപ്പുകളിൽ പ്രധാന സ്ഥാനാർഥിയുടെ പേരിലുള്ള അപരനെ നിർത്തിയാണ് എതിർകക്ഷികൾ വോട്ട് തട്ടാറുള്ളതെങ്കിൽ ആന്തൂർ നഗരസഭയിൽ ഇത്തവണ മൂന്ന് വാർഡുകളിൽ മത്സരിക്കുന്നത് ഒരേ പേരുകാർ. വോട്ടുരേഖപ്പെടുത്തുന്നവർക്ക് സ്ഥാനാർഥിയെ മാറിപ്പോകാതിരിക്കാൻ അതീവ ശ്രദ്ധ വേണ്ടി വന്നേക്കും. ഒരേ പേരുള്ളവർതന്നെ സ്ഥാനാർഥികളായത് വോട്ടർമാരിലും വേവലാതിയായിരിക്കുകയാണ്. ഒന്നാം വാർഡായ വെള്ളിക്കീലിൽ ഉണ്ണികൃഷ്ണന്മാരും 14ാം വാർഡായ പറശ്ശിനിക്കടവിൽ പ്രേമന്മാരും 15ാം വാർഡായ കൊവ്വലിൽ ജയശ്രീമാരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. വെള്ളിക്കീലിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ കെ.പി. ഉണ്ണികൃഷ്ണൻ മാസ്​റ്റർക്കെതിരെ യു.ഡി.എഫ് ഇറക്കിയത് കോൺഗ്രസിലെ ടി.എൻ. ഉണ്ണികൃഷ്ണൻ മാസ്​റ്ററെയാണ്. രണ്ടുപേരും 28ാം വാർഡായ പണ്ണേരിയിൽ താമസിക്കുന്ന റിട്ട. അധ്യാപകരാണ്. കീഴറ കണ്ണപുരം നോർത്ത് എ.എൽ.പി സ്കൂളിൽ നിന്നാണ് പി.എൻ. ഉണ്ണികൃഷ്ണൻ മാസ്​റ്റർ വിരമിച്ചതെങ്കിൽ കെ.പി. ഉണ്ണികൃഷ്ണൻ മാസ്​റ്റർ കൊയ്യം പെരിന്തലേരി എ.യു.പി സ്കൂളിൽ നിന്നാണ് വിരമിച്ചത്. പറശ്ശിനിക്കടവ് വാർഡിൽ എൽ.ഡി.എഫിൽ സി.പി.എമ്മിലെ കെ.വി. പ്രേമരാജൻ മാസ്​റ്റർക്കെതിരെ യു.ഡി.എഫ് രംഗത്തിറക്കിയത് കോൺഗ്രസിലെ ഒ.വി. പ്രേമനെയാണ്. ​േപ്രമൻ മാസ്​​റ്റർ ടെമ്പിൾ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഭാരവാഹിയും ഒ.വി. പ്രേമൻ ടെമ്പിൾ സ്​റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ഭാരവാഹിയുമാണ്. മാങ്ങാട് യു.പി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകനാണ് കെ.വി. പ്രേമരാജൻ. സി.പി.എം മുൻ ലോക്കൽ സെക്രട്ടറി കൂടിയാണദ്ദേഹം. കൊവ്വൽ വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി കെ.വി. ജയശ്രീക്കെതിരെ ബി.ജെ.പി നിർത്തിയതാകട്ടെ കെ.പി. ജയശ്രീയെയാണ്. കഴിഞ്ഞ തവണ നടന്ന നഗരസഭ തെരഞ്ഞെടുപ്പിൽ ധർമശാല വാർഡിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച കെ.പി. ജയശ്രീ മുന്നൂറോളം വോട്ടുകൾ നേടിയിരുന്നു. മൂന്ന് വാർഡുകളിലും പേരിലെ സമാനതകൾ കാരണം വോട്ട് മാറാതിരിക്കാൻ ചിഹ്നങ്ങൾ സൂക്ഷ്മമായി പഠിപ്പിക്കുകയാണിപ്പോൾ ഇരുപക്ഷവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.