മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണം -ജില്ല കലക്ടര്‍

കണ്ണൂർ: സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ഥികളും രാഷ്​ട്രീയകക്ഷികളും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ രാഷ്​ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 1994 ലെ കേരള പഞ്ചായത്തീരാജ് ആക്ട് 121ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ട് 145ാം വകുപ്പ് എന്നിവ പ്രകാരം ഒരുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. രാഷ്​ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കണം. വിമര്‍ശനങ്ങളില്‍ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത കാര്യങ്ങളോ സ്വകാര്യ ജീവിതമോ പാടില്ല. ജാതിയുടെയും സമുദായത്തി​ൻെറയും പേരില്‍ വോട്ടു തേടരുത്. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍, മുസ്​ലിം പള്ളികള്‍, മറ്റ് ആരാധനാസ്ഥലങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കാന്‍ പാടില്ല. എതെങ്കിലും സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താൽപര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക ജാതിഭ്രഷ്​ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത്. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവയില്‍ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ രാഷ്​ട്രീയകക്ഷികളോ സ്ഥാനാര്‍ഥികളോ അവരുടെ അനുയായികളെ അനുവദിക്കാന്‍ പാടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.