വയനാട് ഏറ്റുമുട്ടല്‍: ഇരിട്ടി മേഖലയില്‍ പൊലീസ് നിരീക്ഷണം ശക്തം

വയനാട് ഏറ്റുമുട്ടല്‍: ഇരിട്ടി മേഖലയില്‍ പൊലീസ് നിരീക്ഷണം ശക്തംഇരിട്ടി: വയനാട് മീന്‍മുട്ടി വാളാരത്ത് പൊലീസ് വെടിവെപ്പില്‍ മാവോവാദി​ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മലയോരത്തെ വനമേഖലകളില്‍ പൊലീസും തണ്ടര്‍ ബോള്‍ട്ടും തിരച്ചില്‍ ശക്തമാക്കി. മലയോര മേഖലയിലെ മാവോവാദി ഭീഷണിയുള്ള പൊലീസ് സ്​റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കി. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ഇരിട്ടി, കരിക്കോട്ടക്കരി, ഉളിക്കല്‍, കേളകം പൊലീസ് സ്​റ്റേഷനുകള്‍ക്കാണ് സുരക്ഷ ശക്തമാക്കിയത്. വനാതിര്‍ത്തിയോടുചേര്‍ന്ന ആറളം, കരിക്കോട്ടക്കരി, ഉളിക്കല്‍, കേരള -കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ഇരിട്ടി പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ രാത്രികാല പട്രോളിങ്ങും വാഹന പരിശോധനയും ശക്തമാക്കി. ആദിവാസി പുനരധിവാസ മേഖലയുള്‍പ്പെടുന്ന ആറളം ഫാമിലും വനാതിര്‍ത്തികളിലും തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സായുധസേനകള്‍ നിരീക്ഷണം ശക്തമാക്കി. ആറളം സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുധീര്‍ കല്ലന്‍, കരിക്കോട്ടക്കരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ശിവന്‍ ചോടത്ത്, ഇരിട്ടി സി.ഐ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സേനയാണ് അതിര്‍ത്തി ചെക്പോസ്​റ്റുകളിലും വനാതിര്‍ത്തിയിലും പരിശോധന ശക്തമാക്കിയത്. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളെയും പൊലീസ് സ്​റ്റേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്. വയനാട്ടില്‍ ആറംഗ സംഘത്തിലെ ഒരാളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. വനത്തില്‍നിന്ന്​ ഓടിരക്ഷപ്പെട്ട അഞ്ചുപേര്‍ക്കായാണ് പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയത്. വയനാട്ടില്‍നിന്ന് ആറളം ഫാമിലേക്കും മാക്കൂട്ടം വനത്തിലേക്കും, രക്ഷപ്പെട്ട മാവോവാദികള്‍ കടക്കാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് പൊലീസ് നടപടി ശക്തമാക്കിയത്. നേരത്തെ മാവോസാന്നിധ്യമുണ്ടായിരുന്ന കൊട്ടിയൂര്‍, കീഴ്​പ്പള്ളി, ചതിരൂര്‍, രാമച്ചി, കേളകം, അമ്പായത്തോട്, ആറളം പ്രദേശങ്ങളിലെ ആദിവാസി കോളനികളും ഒളിത്താവളമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളും പൊലീസ് വലയത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.