ഹയർ സെക്കൻഡറിയിൽ ഗ്രേസ് മാർക്ക് ഏകീകരിക്കണമെന്ന്​ ആവശ്യം

ഹയർ സെക്കൻഡറിയിൽ ഗ്രേസ് മാർക്ക് ഏകീകരിക്കണമെന്ന്​ ആവശ്യംപാനൂർ: ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ വിദ്യാർഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്ക് ഏകീകരിക്കണമെന്ന ആവശ്യം ഉയരുന്നു. നിലവിൽ ഹയർ സെക്കൻഡറികളിൽ നാഷനൽ സർവിസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്​റ്റുഡൻറ് പൊലീസ് എന്നീ യൂനിറ്റുകളിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത്. ഇതിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന് വിദ്യാർഥികൾക്ക് 32 മാർക്കും അതിൽ സി.എം ഷീൽഡ് വാങ്ങിച്ചവർക്ക് 60 മാർക്കും ലഭിക്കുന്നുണ്ട്. സ്​റ്റുഡൻറ് പൊലീസ് ഗ്രേസ് മാർക്ക് 60 ആണ്. അതേസമയം, സേവന പ്രവർത്തനങ്ങളിൽ ഓരോ വർഷവും 120 മണിക്കൂർ ജോലി ചെയ്യുകയും അതിൽ 90 മണിക്കൂർ വിദ്യാലയത്തിന് പുറത്ത് സാമൂഹികസേവനം നിർബന്ധമായും ചെയ്യുന്ന നാഷനൽ സർവിസ് സ്കീമിലെ വളൻറിയർമാർക്ക് 24 മാർക്ക് മാത്രമാണ് ലഭിക്കുന്നത്. ഇത് തങ്ങളോടുള്ള കടുത്ത അനീതിയാണെന്നാണ് പ്രോഗ്രാം ഓഫിസർമാരും വിദ്യാർഥികളും പറയുന്നത്. ഒന്നുകിൽ ഗ്രേസ്മാർക്ക് ഒഴിവാക്കുക എന്നുള്ള പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുക, അല്ലെങ്കിൽ പക്ഷഭേദമില്ലാതെ ഗ്രേസ് മാർക്ക് ഏകീകരിക്കാൻ ഈ വർഷമെങ്കിലും അധികൃതർ തയാറാവുക എന്നാണ് ആവശ്യം. 2011 മുതൽ ഒരേ ഗ്രേസ് മാർക്കിനുള്ള ആവശ്യം ഉയരുന്നുണ്ട്. 2015 ഡിസംബറിൽ കോട്ടയത്ത് നടന്ന സ്പെഷൽ ക്യാമ്പി​ൻെറ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എല്ലാ വിഭാഗത്തിനുമുള്ള ഗ്രേസ് മാർക്ക് ഏകീകരിച്ച് അഞ്ച് ശതമാനമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ വർഷങ്ങൾക്കുശേഷവും തൽസ്ഥിതി തുടരുന്നതിനിടെയാണ് വിദ്യാർഥികളും അധ്യാപകരും വീണ്ടും ആവശ്യവുമായി രംഗത്തെത്തുന്നത്. രണ്ടുവർഷവും മുഴുവൻസമയ വളൻറിയർമാരായ നാഷനൽ സർവിസ് സ്കീം അംഗങ്ങൾക്കും മറ്റ് സേവന സന്നദ്ധ സംഘടനകൾക്ക് നൽകുന്ന ആനുകൂല്യം നൽകണമെന്നാണ്​ എൻ.എസ്.എസുകാർ പറയുന്നത്. ഗ്രേസ്മാർക്ക് ഏകീകരണ വിഷത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രോഗ്രാം ഓഫിസർമാരുടെ നേതൃത്വത്തിൽ സർക്കാറിന് നിവേദനം നൽകാൻ ഒരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.