നാടി​െൻറ ഓർമയിൽ ഇനി ആ ചുമരെഴുത്ത് മാത്രം

നാടി​ൻെറ ഓർമയിൽ ഇനി ആ ചുമരെഴുത്ത് മാത്രം രാഘവൻ കടന്നപ്പള്ളി പയ്യന്നൂർ: ചരിത്രത്തിൽ ഇടംപിടിച്ച ചുവരെഴുത്തി​ൻെറ ശിൽപി കരിവെള്ളൂരിലെ അബ്​ദുൽ ഖാദർ വിടവാങ്ങി. പ്രതിരോധത്തി​ൻെറ മുദ്രാവാക്യം നൽകി ജനങ്ങളെ രാഷ്​ട്രീയ പ്രവർത്തനത്തി​ൻെറ പുതിയ പാഠം പഠിപ്പിച്ച ജീവിതമാണ് കൊഴിഞ്ഞുവീണത്. 1975 ജൂൺ 26ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയെ ചങ്ങലക്കിട്ടപ്പോൾ കൂടുതൽ പ്രതിഷേധം ഉയർന്നത് സംഘടിത തൊഴിലാളികളിൽ നിന്നായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപനം വന്ന് അധികം കഴിയും മുമ്പ് പ്രധാനമന്ത്രി ഇന്ദിരഗാന്ധി മംഗളൂരുവിൽ വിമാനമിറങ്ങി റോഡുമാർഗം കൊച്ചിയിലേക്ക് പോകുന്നുവെന്ന വാർത്ത പരന്നു. തങ്ങളുടെ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കണമെന്ന് ബീഡിത്തൊഴിലാളിയായ അബ്​ദുൽ ഖാദർ അഭിപ്രായപ്പെട്ടു. ഇത്​ കമ്പനിയിൽ ചർച്ച ചെയ്യുകയും എല്ലാവരും പിന്തുണക്കുകയും ചെയ്​തു. കരിവെള്ളൂരിലെ ബീഡിക്കമ്പനി കെട്ടിടത്തി​ൻെറ വരാന്തക്കുമുകളിൽ ഒന്നാം നിലയുടെ, ദേശീയപാതക്ക് അഭിമുഖമായുള്ള ചുമരിൽ ചുമരെഴുത്തു നടത്തുക എന്നതായിരുന്നു അബ്​ദുൽ ഖാദറി​ൻെറയും സഹപ്രവർത്തകരുടെയും തീരുമാനം. എഴുതാനുള്ള ദൗത്യവും അബ്​ദുൽ ഖാദർ തന്നെ ഏറ്റെടുത്തു. 'അടിയന്തിരാവസ്ഥ അറബിക്കടലിൽ' എന്നും കടന്നു പോകുന്ന ഇന്ദിരക്കു മനസ്സിലാവാൻ ബാക്കി ഭാഗത്ത് 'ഇന്ത്യ ഈസ് നോട്ട് ഇന്ദിര' (India is Not Indira) എന്നുമാണ്​ കുറിച്ചത്​. വൈകീട്ട് തുടങ്ങിയ എഴുത്ത് രാത്രി വരെ നീണ്ടു. ഇന്ത്യയെന്നാൽ ഇന്ദിരയെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നുമുള്ള ഭരണകൂട ധാർഷ്​ട്യത്തിനുള്ള മറുപടിയായിരുന്നു ആ ത്യാഗം. റോഡുമാർഗമുള്ള യാത്ര സുരക്ഷിതമല്ലെന്ന് രഹസ്യാന്വേഷണ വിഭാഗം ഇന്ദിരയെ അറിയിച്ചു. അതുകൊണ്ട് യാത്ര വിമാനമാർഗമാക്കി. ഇതുമൂലം കരിവെള്ളൂരിലെ ചുമരെഴുത്ത് ഇന്ദിര വായിച്ചില്ല. പക്ഷെ, നാടി​ൻെറ പ്രതിഷേധമായി അത് ചരിത്രത്തിൽ അടയാളപ്പെട്ടു.1993ൽ ദേശീയപാത വികസനത്തിന് കെട്ടിടം പൊളിച്ചുമാറ്റുന്നതുവരെ കരിവെള്ളൂരി​ൻെറ പുതിയകാലത്തെ പോരാട്ടങ്ങളുടെ ഓർമപ്പെടുത്തലുമായി അബ്​ദുൽ ഖാദറി​ൻെറ അക്ഷരങ്ങൾ ജീവിച്ചു. ഫോട്ടോ - 1 അബ്​ദുൽ ഖാദർ 2. അബ്​ദുൽ ഖാദറും ഭാര്യ കല്യാണിയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.