എളയാവൂരിലെ ആയുര്‍വേദ ആശുപത്രി കെട്ടിടം നാടിന് സമര്‍പ്പിച്ചു

എളയാവൂരിലെ ആയുര്‍വേദ ആശുപത്രി കെട്ടിടം നാടിന് സമര്‍പ്പിച്ചു ചിത്രം: ckl Ayur hospital എളയാവൂർ ആയുർവേദ ആശുപത്രി ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നുചക്കരക്കല്ല്: സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികള്‍ മെച്ചപ്പെടുത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എളയാവൂര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആയുഷ് വിഭാഗത്തിന് കേന്ദ്ര വിഹിതമായി ചെറിയ തുക മാത്രമാണ് ലഭിക്കുന്നത്. ഇതുപയോഗിച്ച് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, ജനപ്രതിനിധികളുടെ ശ്രമഫലമായി മികച്ച സൗകര്യം ഒരുക്കാന്‍ കഴിയുന്നുണ്ട്​. നാലുവര്‍ഷ കാലയളവില്‍ ആരോഗ്യരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ സര്‍ക്കാറിന് സാധിച്ചു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയുര്‍വേദ ആശുപത്രികള്‍ക്കായി ആധുനിക സൗകര്യമുള്ള കെട്ടിടങ്ങളാണ് നിര്‍മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ബ്ലോക്ക് നിര്‍മിച്ചു. വിമാനത്താവളത്തോടനുബന്ധിച്ച് സ്ഥാപിക്കുന്ന ആയുര്‍വേദ റിസര്‍ച് ഇന്‍സ്​റ്റിറ്റ്യൂട്ട് വരുന്നതോടെ ആയുര്‍വേദ ചികിത്സാരംഗത്ത് വലിയ സാധ്യതകളാണ് ഉണ്ടാവുക. ആധുനിക ചികിത്സ സംവിധാനം, മ്യൂസിയം, കൈയെഴുത്ത് ഓലകളുടെ ശേഖരം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയും ഇവിടെ ഒരുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന്​ 42 ലക്ഷം രൂപ വിനിയോഗിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മിച്ചത്. ഇൻറര്‍ലോക് പ്രവൃത്തികള്‍ക്കായി കണ്ണൂര്‍ കോര്‍പറേഷന്‍ ആറു ലക്ഷം രൂപയും അനുവദിച്ചു.എളയാവൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. കോര്‍പറേഷന്‍ മേയര്‍ സി. സീനത്ത്, ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, സ്ഥിരം സമിതി അംഗങ്ങളായ ടി.ഒ. മോഹനന്‍, ജെമിനി, പി. ഇന്ദിര, കെ.പി. സീന, സി.കെ. വിനോദ്, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ സുമ ബാലകൃഷ്ണന്‍, സി. സമീര്‍, പനിച്ചിയില്‍ പ്രേമജ, കോര്‍പറേഷന്‍ സെക്രട്ടറി ഡി. സാജു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സീന, മെഡിക്കല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് ഡോ.ടി. സുധ, എക്സിക്യൂട്ടിവ് എൻജിനീയര്‍ പി. രാഗേഷ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.