കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പയ്യന്നൂർ:കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കണ്ടോന്താർ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച രാവിലെ 11ന്​ വീഡിയോ കോൺഫ്രൻസ് മുഖേന ഉദ്ഘാടനം ചെയ്യുമെന്ന് ടി.വി.രാജേഷ് എം.എൽ.എ അറിയിച്ചു. മന്ത്രി കെ.കെ. ശൈലജ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രമായ കടന്നപ്പള്ളി കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. കല്യാശേരി മണ്ഡലത്തിലെ ചെറുതാഴം , മാട്ടൂൽ, കല്യാശ്ശേരി, പട്ടുവം, കണ്ണപുരം (തറ), കുഞ്ഞിമംഗലം എന്നീ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ നേരത്തെ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുന്നത് മണ്ഡലത്തിലെ ഏഴാമത്തെ കുടുംബാരോഗ്യ കേന്ദ്രമാണ്. പുന്നച്ചേരി, പുതിയങ്ങാടി എന്നീ കേന്ദ്രങ്ങളുടെ പ്രവൃത്തികളും ഉടൻ പൂർത്തിയാകും. കടന്നപ്പള്ളി പ്രഥാമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതോടെ ആശുപത്രിയെ ആശ്രയിക്കുന്നവർക്ക് മെച്ചപ്പെട്ട സേവനങ്ങളാണ് ലഭ്യമാക്കുക. 1974 ൽ പ്രവർത്തനം തുടങ്ങിയ ആശുപത്രി ഗ്രാമ പഞ്ചായത്ത് 2012-ൽ നിർമ്മിച്ച കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ടി. വി. രാജേഷ് എം.എൽ. എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയും , ഗ്രാമ പഞ്ചായത്തിന്റെ 28 ലക്ഷം രൂപയും ആരോഗ്യ വകുപ്പിന്റെ 15 ലക്ഷം രൂപയും ഉൾപ്പടെ 78 ലക്ഷം രൂപയുടെ വികസന പ്രവർത്തനമാണിവിടെ നടത്തിയത്. പുതിയ കൺസൾട്ടേഷൻ റൂം, ലാബോറട്ടറി, രോഗികൾക്കും കൂടെയുള്ളവർക്കുള്ള കാത്തിരിപ്പ് കേന്ദ്രം, കോൺഫ്രൻസ് ഹാൾ, ഫീഡിങ് റൂം, ടോയ്ലറ്റ്, ഗാർഡൻ , പാർക്കിംങ്​ ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡോക്ടറുടെയും , രണ്ട് സ്റ്റാഫ് നഴ്സിന്റെയും അധിക തസ്തിക അനുവദിച്ചു. ഗ്രാമ പഞ്ചായത്ത് ഒരു ഡോക്ടറെയും ഒരു ഫാർമസിസ്റ്റിനെയും നിയമിക്കുകയുണ്ടായി. നിലവിൽ മൂന്ന് ഡോക്ടർമാരുടെയും , നാല് സ്റ്റാഫ് നഴ്സ്, രണ്ട് ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭിക്കും. മാർച്ച് മുതൽ സായാഹ ഒ പി യുടെ പ്രവർത്തനവും ആരംഭിച്ചു. രാവിലെ ഒമ്പത്​ മുതൽ വൈകിട്ട് ആറ് വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്. ആരോഗ്യ രംഗത്ത് പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് സാധിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.