ആരോഗ്യമുള്ള ജനതയെ സൃഷ്​ടിക്കുക ലക്ഷ്യം –മന്ത്രി കെ.കെ. ശൈലജ

പാനൂർ: ജീവിതശൈലി രോഗങ്ങള്‍ മാറ്റിയെടുത്ത് ആരോഗ്യമുള്ള ജനതയെ സൃഷ്​ടിക്കാനുള്ള ശ്രമങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി നടക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തി‍ൻെറ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലി രോഗങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിയാനും രോഗി അതില്‍നിന്ന് മുക്തനാകുന്നതുവരെയുള്ള എല്ലാ ചികിത്സയും നല്‍കാനും കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ കഴിയണം. രോഗങ്ങള്‍ തിരിച്ചറിയാനുള്ള ലാബ് സൗകര്യം അടക്കമുള്ള സജ്ജീകരണങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പാനൂര്‍ നഗരസഭക്ക്​ കീഴിലുള്ള മേക്കുന്നിലെ പ്രാഥമികാരോഗ്യ കേന്ദ്രമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നത്. നഗരസഭയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമല്ല, കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂര്‍ നിവാസികള്‍ക്കും ചൊക്ലി പഞ്ചായത്തിലുള്ളവര്‍ക്കും ഏറെ ആശ്രയമാണിത്. ദിവസേന നൂറുകണക്കിന് രോഗികള്‍ക്ക് ആശ്രയമായ ഈ പ്രാഥമികാരോഗ്യ കേന്ദ്രം 65 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ രൂപത്തിലേക്ക് മാറുന്നത്. 1.15 കോടി രൂപ ചെലവഴിച്ചാണ്​ കെട്ടിടം നിര്‍മിക്കുന്നത്​. ചടങ്ങില്‍, പുതിയ കെട്ടിടത്തിനുള്ള സ്ഥലം വിട്ടുനല്‍കിയ സുലഭ് ചന്ദ്രന്‍, ശ്രീധരന്‍ കസ്തൂരി പറമ്പ് എന്നിവരെ ആദരിച്ചു. സുലഭ് ചന്ദ്രന്‍ സൗജന്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി സ്ഥലം നല്‍കിയത്. പാനൂര്‍ നഗരസഭ ചെയർപേഴ്​സൻ ഇ.കെ. സുവര്‍ണ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. നാരായണ നായ്​ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ഉപാധ്യക്ഷ കെ.വി. റംല, സ്ഥിരം സമിതി അംഗം കെ.എം. ഷമീജ, കൗണ്‍സിലര്‍മാരായ വി.എം. സുനിത, കെ.ടി.കെ. റിയാസ് മാസ്​റ്റര്‍, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ. അനില്‍, ഡി.ഡി.എം.ഒ ഡോ. മോഹനന്‍, നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍, എഫ്.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എസ്. ജെസി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.