കൊയ്ത്ത് തുടങ്ങി പയ്യന്നൂർ: പെട്രോളിയം സംഭരണ പദ്ധതി സ്ഥാപിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചതിനെ തുടർന്ന് കൃഷിയിറക്കിയ കണ്ടങ്കാളി തലോത്ത് വയലിൽ ഇത്തവണ വിളഞ്ഞത് സമൃദ്ധിയുടെ നൂറുമേനി. നാട്ടുകാരും കർഷകരും കർഷകത്തൊഴിലാളികളും ചേർന്ന് കൃഷിയിറക്കിയ130 ഏക്കർ വരുന്ന വിശാലമായ വയലിൽ ഞായറാഴ്ച കൊയ്ത്ത് തുടങ്ങി. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം. പ്രദീപൻ, ജനകീയ സമരത്തിന് നേതൃത്വം നൽകിയ ടി.പി. പത്മനാഭൻ മാസ്റ്റർ, കെ. രാമചന്ദ്രൻ, അത്തായി ബാലൻ, മണിരാജ് വട്ടക്കൊവ്വൽ, എം. കമല, ഇ. ദേവി, മാടക്ക ജാനകി, ടി.പി. ഗണേശൻ, ഭാസ്കരൻ കണ്ടങ്കാളി എന്നിവർ സംസാരിച്ചു. സി. പ്രീത, എം. കല്യാണി, വി.വി. കാർത്യായനി, എം.വി. യശോദ, ടി. ചന്ദ്രമതി, കെ.വി. സാവിത്രി, വി. ഗൗരി, ടി. കാർത്യായനി, ടി. സുമ, കെ.വി. ലേഖ, ടി.പി. രാധ, എൻ.വി. രമ, ടി.വി. ലക്ഷ്മി, എൻ. പ്രസീത തുടങ്ങിയവർ കൊയ്ത്തിന് നേതൃത്വം നൽകി. സമരത്തിലൂടെ തിരിച്ചെടുത്ത വയലിൽ മുഴുവനും കൃഷി ചെയ്ത് വിളകൊയ്യുന്ന കണ്ടങ്കാളി മാതൃക കാർഷിക കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. തനത് നെൽവിത്തായ തവ്വനാണ് പ്രധാന കൃഷി. ജ്യോതി, ആതിര, തവളക്കണ്ണൻ, തികപ്പ, നമ്പ്യാരമ്പൻ തുടങ്ങിയ വിത്തുകളും വിതച്ചിട്ടുണ്ട്. കണ്ടങ്കാളിയിൽ റെയിലിനിരുവശത്തായി പുഴ അതിരിടുന്ന, തനിമ നഷ്ടപ്പെടാതെ നിലനിൽക്കുന്ന തവ്വൻ കണ്ടങ്ങൾ വടക്കൻ കേരളത്തിൽ അവശേഷിക്കുന്ന അപൂർവം വയൽ ആവാസവ്യവസ്ഥകളിൽ ഒന്നാണ്. 130 ഏക്കർ വരുന്ന നെൽവയലും തണ്ണീർത്തടവും നികത്തി പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പയ്യന്നൂരിൽ മൂന്നുവർഷം തുടർച്ചയായി നടന്ന ജനകീയ പ്രക്ഷോഭം നേടിയ വിജയമാണ് സമൃദ്ധിയുടെ കതിരണിഞ്ഞത്. കേരളത്തിലെ പാരിസ്ഥിതിക സമരങ്ങളുടെ ചരിത്രത്തിൽ ഒരിക്കൽക്കൂടി പയ്യന്നൂർ അടയാളപ്പെടുത്തുകയാണ് ഇതിലൂടെ. പ്രഫ. മാധവ് ഗാഡ്ഗിലടക്കം പ്രമുഖ പരിസ്ഥിതി, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ കണ്ടങ്കാളി സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.