'കോവിഡ് പ്രതിരോധത്തിലെ പാളിച്ച: ഉത്തരവാദിത്തം മദ്യവിതരണം വ്യാപകമാക്കിയ സര്‍ക്കാറിന്'

കണ്ണൂര്‍: കേരളത്തി‍ൻെറ കോവിഡ് പ്രതിരോധത്തിലുള്ള പാളിച്ചകളുടെ ഉത്തരവാദിത്തം മദ്യവിതരണം വ്യാപകമാക്കിയ സംസ്ഥാന സര്‍ക്കാറിനാണെന്ന് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നോത്തിയോസ് മെത്രാപ്പോലീത്ത. കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'ലിക്വര്‍ ക്വിറ്റ് കേരള' ഒപ്പുശേഖരണ കാമ്പയിന്‍ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മദ്യശാലകള്‍ അടഞ്ഞുകിടന്നപ്പോള്‍ ഫലപ്രദമായ കോവിഡ് നിയന്ത്രണം നടത്തി ലോകത്തിന് മുന്നില്‍ യശസ്സുയര്‍ത്തിയ കേരളം, ഇന്ന് ഗുരുതരമായ കോവിഡ് വ്യാപനത്തില്‍ എത്തിനില്‍ക്കുകയാണ്. മദ്യശാലകള്‍ വ്യാപകമായി തുറന്നതിനു ശേഷം പത്തിരട്ടിയിലധികം വര്‍ധനയാണ് കോവിഡ് വ്യാപനത്തില്‍ ഉണ്ടായിരിക്കുന്നത്. സമൂഹനന്മയും ക്ഷേമവും കണക്കിലെടുത്ത് സര്‍ക്കാര്‍ അടിയന്തരമായി മദ്യശാലകള്‍ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ല സമരവിവരണം മദ്യവിരുദ്ധ ജനകീയ മുന്നണി വൈസ്​ ചെയർമാൻ അഷ്‌റഫ് മമ്പറം നടത്തി. സുരേഷ് ബാബു എളയാവൂര്‍ (കോണ്‍ഗ്രസ്), അബ്​ദുല്‍ കരീം ചേലേരി (മുസ്​ലിം ലീഗ്​), മുഹമ്മദ് സാജിദ് നദ്​വി (ജമാഅത്തെ ഇസ്​ലാമി), ഇയ്യച്ചേരി കുഞ്ഞികൃഷ്​ണന്‍ മാസ്​റ്റര്‍ (കേരള മദ്യവിരുദ്ധ ജനകീയ മുന്നണി), ശംസുദ്ദീന്‍ പാലക്കോട് (കെ.എന്‍.എം മര്‍കസുദ്ദഅ്​വ), കെ.കെ. സുരേന്ദ്രന്‍ (എസ്.യു.സി.ഐ കമ്യൂണിസ്​റ്റ് ), ഉമര്‍ വിളക്കോട് (ലഹരി നിര്‍മാര്‍ജന സമിതി), സി. സുനില്‍കുമാര്‍ (ഗാന്ധി സൻെറിനറി മെമ്മോറിയല്‍), മേരി എബ്രഹാം (മദ്യ വിരുദ്ധ ജനകീയ സമരസമിതി), മായന്‍ വേങ്ങാട് (കേരള സ്​റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍), അന്‍വര്‍ സാദത്ത് (മദ്യവിരുദ്ധ ജനകീയ മുന്നണി), അഡ്വ. അഹമ്മദ് മാണിയൂര്‍ (മദ്യനിരോധന സമിതി) എന്നിവര്‍ സംസാരിച്ചു. ജില്ല കണ്‍വീനര്‍ അഡ്വ. പി.സി. വിവേക് സ്വാഗതവും അബ്​ദുസ്സലാം വള്ളിത്തോട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.