മത്സ്യകൃഷിയില്‍ സ്വയം പര്യാപ്​തത ലക്ഷ്യം -മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തലശ്ശേരി: മത്സ്യകൃഷിയില്‍ സ്വയം പര്യാപ്​തത കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. തലശ്ശേരി തലായിയില്‍ ഫിഷറീസ് വകുപ്പ് ജലകൃഷി വികസന ഏജന്‍സി കേരളയുടെ (അഡാക്) നേതൃത്വത്തില്‍ ആരംഭിക്കുന്ന മത്സ്യത്തീറ്റ ഉൽപാദന കേന്ദ്രത്തി‍​ൻെറ നിര്‍മാണോദ്ഘാടനം എരഞ്ഞോളി ഫിഷ്​ ഫാമില്‍ ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജലസ്രോതസ്സുകള്‍ ജല കൃഷിക്കായി വിനിയോഗിച്ച് മത്സ്യ ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ മത്സ്യവകുപ്പും അനുബന്ധ ഏജന്‍സികളും നടപ്പാക്കിവരുന്നുണ്ടെന്നും ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം പദ്ധതി എന്നിവ ഇതില്‍ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. മത്സ്യകൃഷി വഴിയുള്ള മത്സ്യ ഉല്‍പാദനം 25,000 ടണില്‍നിന്ന്​ മൂന്ന് വര്‍ഷങ്ങളിലായി 1.5 ലക്ഷം ടണായി വര്‍ധിപ്പിക്കുക എന്നതാണ് വികസന പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് ഉൽപാദിപ്പിക്കുന്ന മത്സ്യത്തി‍​ൻെറ ഏറിയപങ്കും മത്സ്യബന്ധനം വഴിയാണ് ലഭ്യമാകുന്നത്. എന്നാല്‍, മത്സ്യബന്ധനം വഴിയുള്ള മത്സ്യ ഉല്‍പാദനം കുറഞ്ഞുവരുന്ന സ്ഥിതിയിലാണ്. ഈ സാഹചര്യത്തിലാണ് ജല കൃഷിയിലൂടെ മത്സ്യ ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഗുണമേന്മയുള്ള മത്സ്യത്തീറ്റ ലഭ്യമല്ല എന്നുള്ളതാണ് ഈ മേഖല നേരിടുന്ന വലിയ പ്രശ്‌നം. സംസ്ഥാനത്തിന് ആവശ്യമായ മത്സ്യത്തീറ്റയുടെ ഏറിയപങ്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് മത്സ്യത്തീറ്റയുടെ ലഭ്യത കര്‍ഷകര്‍ക്ക് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന മത്സ്യവകുപ്പും മത്സ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി കേരളയും ചേര്‍ന്ന് വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുന്നത്. സെന്‍ട്രല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് ബ്രേക്കിഷ് വാട്ടര്‍ അക്വാകള്‍ചറി​ൻെറ (സി.ഐ.ബി.എ) സഹായത്തോടെയാണ് തലായിയില്‍ മത്സ്യത്തീറ്റ ഉല്‍പാദന കേന്ദ്രം ആരംഭിക്കുന്നത്. ചടങ്ങിൽ എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരന്‍ എം.പി, തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശന്‍, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ, ഫിഷറീസ് ഡയറക്​ടര്‍ എം.ജി. രാജമാണിക്യം, കെ.എസ്.സി. എ.ഡി.സി മാനേജിങ് ഡയറക്​ടര്‍ പി.ഐ. ഷെയ്​ക് പരീത്, അഡാക് എക്‌സിക്യൂട്ടിവ് ഡയറക്​ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.