'ജോലിക്കുപോയി തിരിച്ചെത്തിയാൽ ഒരു മണിക്കൂർ അകന്നിരിക്കണം' കാമ്പയിൻ തുടങ്ങി

മാഹി: അഴിയൂർ പഞ്ചായത്തിൽനിന്ന് വിവിധ പ്രദേശങ്ങളിൽ ജോലിക്ക് പോകുന്നവരിൽനിന്ന് വീട്ടിലുള്ളവർക്ക് സമ്പർക്കത്തിലൂടെ കോവിഡ് പകരാതിരിക്കാൻ 'ജോലിക്ക് പുറത്തിറങ്ങി തിരിച്ചെത്തുന്നവർ ഒരു മണിക്കൂർ അകന്നിരിക്കണം' കാമ്പയിൻ തുടങ്ങി. ആശ വർക്കർമാർ, കോവിഡ് ഡ്യൂട്ടിക്ക്​ നിയോഗിച്ച അധ്യാപകർ എന്നിവർ ചേർന്നാണ് കാമ്പയിൻ നടത്തുന്നത്. 21 അംഗ ആശാവർക്കർമാരുടെ നേതൃത്വത്തിൽ സ്ഥിരമായി ജോലിക്ക് പുറത്തേക്ക് പോകുന്നവരുടെ ഫോൺ നമ്പർ സഹിതമുള്ള ലിസ്​റ്റ്​ ശേഖരിക്കും. അധ്യാപകർ ഇവരെ വിളിച്ച് കോവിഡ് ചട്ടങ്ങളിൽ ബോധവത്​കരണം നടത്തും. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ ആദ്യത്തെ ഒരു മണിക്കൂർ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിക്കും. പാലിക്കേണ്ട ആരോഗ്യ കാര്യങ്ങൾ ഓൺലൈനിലൂടെയാണ് വിശദീകരിച്ചു നൽകുക. വീട്ടിലെ 10 വയസ്സിൽ താഴെയുള്ള കുട്ടികൾ, വയോജനങ്ങൾ, രോഗികൾ എന്നിവരിൽനിന്ന് നിർബന്ധമായും വിട്ടുനൽകണം. ഇതുസംബന്ധിച്ച്​ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ ഉദ്ഘാടനം ചെയ്​തു. വൈസ് പ്രസിഡൻറ് ഷീബ അനിൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ചോമ്പാൽ എസ്.ഐ എൻ. അശോകൻ, അധ്യാപകരായ കെ. ദീപുരാജ്, കെ.പി. പ്രീജിത്ത് കുമാർ, സലീഷ് കുമാർ, ആർ.പി. റിയാസ്, സി.കെ. സാജിത്ത്, രാഹുൽ ശിവ എന്നിവർ സംസാരിച്ചു. ഇതിനായി വാട്​സ്ആപ് ഗ്രൂപ് രൂപവത്​കരിച്ചു. നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ആശാവർക്കർമാർ നിരീക്ഷിക്കുകയും പരിശോധിക്കുകയും തുടർന്നും നിർദേശങ്ങൾ ലംഘിച്ചാൽ പൊലീസിനെ ഉപയോഗിച്ച് കർശന നടപടി സ്വീകരിക്കാനുമാണ്​ പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.