അഴീക്കോടൻ സ്​മാരക മന്ദിരത്തിന് നേരെ ബോംബേറ്

തലശ്ശേരി: തലശ്ശേരി -കൂത്തുപറമ്പ് റോഡിൽ എരഞ്ഞോളി ചോനാടം ജങ്ഷനിലുള്ള അഴീക്കോടൻ സ്മാരക മന്ദിരത്തിന് നേരെ ബോംബേറ്. ബുധനാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. രണ്ടു ബോംബുകളുടെ അവശിഷ്​ടം സമീപത്ത് കണ്ടെത്തി. ബോംബുകളിൽ ഒന്ന് റോഡിലും മറ്റൊന്ന് കെട്ടിടത്തി‍ൻെറ ചുമരിലും തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ചുമരിൽ തട്ടി പൊട്ടിയതിനാൽ മന്ദിരത്തി‍ൻെറ ജനൽചില്ലുകൾ തകർന്നു. എരഞ്ഞോളി അഗ്രിക്കൾചറിസ്​റ്റ്​ സോഷ്യൽ വെൽഫെയർ കോഓപ് സൊസൈറ്റിയും ഇതേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സി.പി.എം ശക്തികേന്ദ്രമാണ് ഇവിടെ. ബോംബേറിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. വിവരമറിഞ്ഞ് തലശ്ശേരി സി.ഐ കെ. സനൽകുമാർ, എസ്.ഐ രാജേഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. സി.പി.എം നേതാക്കളായ എ.എൻ. ഷംസീർ എം.എൽ.എ, എം.സി. പവിത്രൻ, ടി.പി. ശ്രീധരൻ, കാരായി രാജൻ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ, മുൻ പ്രസിഡൻറ് പി. പ്രേംനാഥ്, വാഴയിൽ ശശി എന്നിവർ സ്ഥലം സന്ദർശിച്ചു. ബോംബേറിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ ചോനാടത്ത് പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി കാട്യത്ത് പ്രകാശൻ, ലോക്കൽ കമ്മിറ്റി അംഗം പി. സുജിത്ത്, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.