രാമന്തളിയിൽ വോട്ട് തള്ളിക്കാൻ യു.ഡി.എഫ് ശ്രമമെന്ന്

പയ്യന്നൂർ: രാമന്തളി പഞ്ചായത്തിൽ യു.ഡി.എഫി​ൻെറ നേതൃത്വത്തിൽ വ്യാജ പരാതി നൽകി വോട്ട് തള്ളിക്കാനുള്ള ശ്രമംനടക്കുന്നതായി പരാതി. ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. 13, 14, 15 വാർഡുകളിലെ സി.പി.എം അംഗങ്ങളുടെയും അനുഭാവികളുടെയും പേരിലാണ് വ്യാജ ഒപ്പിട്ട് വോട്ടർ പട്ടികയിൽനിന്ന്​ പേര് നീക്കണമെന്ന് യു.ഡി.എഫ് പ്രവർത്തകർ പരാതി നൽകിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. വാർഡ് 13ൽ 62 പരാതിയും 14ൽ 49ഉം 15ൽ 36 പരാതിയുമാണ് നൽകിയതത്രെ. രാമന്തളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്​ ഒ.കെ. കുഞ്ഞിക്കണ്ണ​ൻെറ മകൻ പി.വി. ബാലചന്ദ്രൻ, ഒ.കെ. പ്രേമലത, കെ. മനോജ് എന്നിവരാണ് തങ്ങളുടെയും മറ്റും പേരും വ്യാജ ഒപ്പും ഉപയോഗിച്ച് വോട്ടർ പട്ടികയിൽനിന്ന്​ പേര് നീക്കുന്നതിന് അപേക്ഷ നൽകിയതായി സെക്രട്ടറിക്ക് പരാതി നൽകിയത്. ഇത്തരത്തിൽ പരാതി നൽകിയ യു.ഡി.എഫ് രാമന്തളി പഞ്ചായത്ത് കൺവീനർ പി.എം. അബ്​ദുൽ ലത്തീഫ്, കെ.പി. രാജേന്ദ്രകുമാർ, പ്രിയേഷ് എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. കള്ളപ്പരാതി നൽകി വോട്ടർ പട്ടികയിൽനിന്ന്​ പേരുകൾ നീക്കം ചെയ്യാനുള്ള യു.ഡി.എഫ് നടപടിക്കെതിരെ എൽ.ഡി.എഫ് രാമന്തളി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ജീവനക്കാരെ ഉപയോഗിച്ച് എൽ.ഡി.എഫ് കള്ളവോട്ട് ചേർക്കുന്നുവെന്ന വ്യാജപ്രചാരണമാണ് യു.ഡി.എഫ് നേതൃത്വത്തിൽ നടത്തുന്നത്. വ്യാജ പരാതി നൽകി സി.പി.എം പ്രവർത്തകരുടെയും അനുഭാവികളുടെയും വോട്ട് തള്ളിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.