ജ്വല്ലറി തട്ടിപ്പ്: ലീഗ് എം.എല്‍.എ രാജിവെക്കണം –ഐ.എന്‍.എല്‍

കണ്ണൂര്‍: മുസ്‌ലിം ലീഗ് മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീ‍‍ൻെറ നേതൃത്വത്തില്‍ നടന്ന ജ്വല്ലറി തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണെന്നും എം.എല്‍.എ സ്ഥാനം രാജിവെച്ച് ഉടന്‍ അന്വേഷണം നേരിടാന്‍ ലീഗ് നേതാവ് തയാറാവണമെന്നും ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു. രാഷ്​ട്രീയ മതസ്വാധീനമുപയോഗിച്ചാണ് 800 പേരില്‍നിന്നായി 132 കോടി രൂപ സമാഹരിച്ച് ഫാഷന്‍ ഗോള്‍ഡ് ഇൻറര്‍നാഷനല്‍ എന്നപേരില്‍ ചെറുവത്തൂര്‍ ആസ്ഥാനമായി സ്വര്‍ണബിസിനസ് തുടങ്ങുന്നത്. സുന്നി നേതാവും മുസ്‌ലിം ലീഗ് ജില്ല പ്രവര്‍ത്തക സമിതി അംഗവുമായ ടി.കെ. പൂക്കോയ തങ്ങളെ എം.ഡിയാക്കിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. നിരവധി മഹല്ലുകളുടെ സമ്പാദ്യം പൂക്കോയ തങ്ങള്‍ വഴി ജ്വല്ലറിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇദ്ദേഹം മുഖാന്തരമാണ് തൃക്കരിപ്പൂരിലെ സുന്നി സ്ഥാപനത്തി‍‍ൻെറ പേരിലുള്ള വഖഫ് സ്ഥലം ഖമറുദ്ദീന്‍ തട്ടിയെടുത്തതും ഒടുവില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് തിരിച്ചുകൊടുത്തതും. സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ തയാറാവണമെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.