അഴിയൂരിൽ കോവിഡ്​ രോഗികളുടെ കുടുംബാംഗങ്ങൾക്കും രോഗം

ഞായറാഴ്​ച 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു മാഹി: ആഗസ്​റ്റ്​ 26ന് ആർ.ടി.പി.സി.ആർ ടെസ്​റ്റ് നടത്തിയ 99 പേരുടെ റിസൽട്ട് ലഭിച്ചപ്പോൾ 20 പേർക്ക് കോവിഡ്. കഴിഞ്ഞദിവസം ഏഴു പേർക്കും ഞായറാഴ്​ച 13 പേർക്കുമാണ് രോഗബാധ കണ്ടെത്തിയത്. കോവിഡ്​ രോഗിയായ 18ാം വാർഡ് അഞ്ചാംപീടികയിലെ ഇലക്ട്രീഷ്യ​ൻെറ കുടുംബത്തിലെ ഏഴു പേർക്കും മൂന്നാം വാർഡ് മനയിൽ അമ്പലത്തിനു സമീപത്തുള്ള ചെറുവണ്ണൂർ ഹോമിയോ ഡിസ്പെൻസറിയിലെ സ്വീപ്പറുടെ കുടുംബാംഗങ്ങളായ ഭാര്യ, മൂന്നു മക്കൾ, രണ്ട് സഹോദരിമാർ, സഹോദരിയുടെ മകൾ, ഭാര്യയുടെ രണ്ടു സഹോദരന്മാർ എന്നിങ്ങനെ ഒമ്പതു പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 14ാം വാർഡ് ആവിക്കരയിൽ നേരത്തേ പോസിറ്റിവ് ആയ പൊലീസുകാര‍‍ൻെറ ഭാര്യ 34കാരി, 12 വയസ്സുള്ള പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കുട്ടി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലെ അംഗങ്ങളുമായി ഇടപഴകുന്നത് കോവിഡ് വ്യാപന കാലത്ത് പ്രയാസങ്ങൾ ഉണ്ടാക്കുന്നതായി പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് ചൂണ്ടിക്കാട്ടി. രണ്ടു വീടുകളിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇങ്ങനെ സമ്പർക്കത്തിലൂടെയാണെന്നാണ് വിലയിരുത്തൽ. കൂടാതെ 75 വയസ്സുള്ള സ്ത്രീക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പോസിറ്റിവ് രോഗികളായ രണ്ടു പേരുടെയും വീടുകളിലെ ഭൂരിഭാഗം പേർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ രോഗികളെ വീടുകളിൽ തന്നെ താമസിപ്പിക്കാൻ തീരുമാനിച്ചു. വയോധികരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കും. നിലവിൽ രണ്ടു ദിവസത്തിനകം വാർഡ് 18ൽ എട്ടു പേർക്കും 16ൽ ഒരാൾക്കും മൂന്നാം വാർഡിൽ ഒമ്പതു പേർക്കും 14ൽ രണ്ടു പേർക്കുമായി ആകെ 20 പേർക്കാണ് കോവിഡ് പോസിറ്റിവായത്. പോസിറ്റിവായവരുടെ പ്രാഥമിക സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ചുവരുകയാണ്. എല്ലാവരും നിരീക്ഷണത്തിൽ ആയതിനാൽ സമ്പർക്കം വലിയ രീതിയിൽ ഇല്ല. നിലവിൽ 14, 18 വാർഡുകൾ പൂർണമായും മൂന്ന്​, 16, 17 വാർഡുകൾ ഭാഗികമായും അടച്ചിട്ടു. ഇനി വരാനുള്ള റിസൽട്ട് വാർഡ്‌ 13ലെ വ്യക്തിയുടേതാണ്. ബാക്കിയുള്ളവ നെഗറ്റിവായി. ജോലിക്ക് പോകുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്നും വീട്ടുകാരുമായി പ്രത്യേകിച്ച് പ്രായമുള്ളവരുമായി ഒരുതരത്തിലുള്ള ഇടപഴകലും പാടില്ലെന്നും അധികൃതർ അറിയിച്ചു. കുടുംബം മുഴുവൻ കോവിഡ് പോസിറ്റിവ് രോഗികൾ ആകുന്ന അവസ്ഥ ഒഴിവാക്കാൻ ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.