മാടായിപ്പാറയിലെ ജൈവവൈവിധ്യം സംരക്ഷിക്കണം -പരിഷത്ത്

പയ്യന്നൂർ: ജില്ലയിലെ ജൈവവൈവിധ്യ കലവറയും ഗവേഷകരുടെയും വിദ്യാർഥികളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട പ്രദേശവുമായ മാടായിപ്പാറ സംരക്ഷിക്കണമെന്ന്​ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്​. 50 വർഷത്തിനിടെ ഒട്ടനവധി ഭീഷണികൾകൊണ്ട് പ്രദേശം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. അനധികൃത ഖനനപ്രവർത്തനങ്ങൾ, ഭൂമികൈയേറ്റം, വാഹനഗതാഗതം, പുൽമേടുകളിൽ തീയിടൽ, മാലിന്യം വലിച്ചെറിയൽ, പരസ്യ മദ്യപാനം തുടങ്ങിയവ മാടായിപ്പാറയുടെ ആവാസവ്യവസ്ഥയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവൃത്തികൾ തടയാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാടായി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഓൺലൈനായി നടന്ന സമ്മേളനം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നിർവാഹക സമിതി അംഗം കെ.ടി. രാധാകൃഷ്ണൻ സംഘടനാരേഖ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. വിനോദ്കുമാർ, ജില്ല സെക്രട്ടറി കെ. സജിത്ത്, യൂറീക്ക മാനേജിങ് എഡിറ്റർ എം. ദിവാകരൻ, പി.എം. സിദ്ധാർഥൻ, പി. നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു. മാടായിപ്പാറ സംരക്ഷണ ലഘുലേഖ ടി.വി. ബാലകൃഷ്ണൻ പ്രകാശനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.