കേളകം: ഉരുൾപൊട്ടൽ മേഖലകളിൽ ദിവസങ്ങളായി മഴ കനത്തുപെയ്യുന്നത് ആശങ്ക വർധിപ്പിക്കുന്നു. കനത്ത മഴ തുടരുന്നതോടെ ഉരുൾപൊട്ടിയ മേഖലകൾക്ക് സമീപ പ്രദേശങ്ങളിലുള്ള കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിത്തുടങ്ങി. കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി എൽ.പി സ്കൂൾ, സെന്റ് മേരീസ് പാരിഷ്ഹാൾ എന്നീ ക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു. കോളയാട് ചെക്യേരി പൂളക്കുണ്ടിൽ ഉരുൾപൊട്ടിയതിനോടുചേർന്ന് വീണ്ടും ഉൾപൊട്ടൽ ഭീഷണിയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മഴ കനത്തുപെയ്യുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. പൂളക്കുറ്റി, നിടുംപൊയിൽ മേഖലകളിലായി 30 പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഈ പ്രദേശങ്ങളോട് ചേർന്ന ഭാഗങ്ങളിൽ മണ്ണിളകിയ പ്രദേശങ്ങളുണ്ട്. ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഭയത്തിലാണ്. മഴ കനത്തതോടെ കേളകം ഗ്രാമപഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. അടക്കാത്തോട് കൈലാസംപടിയിൽ ഭൂമിക്ക് വിള്ളൽ വീണ പ്രദേശത്തെ 11 കുടുംബങ്ങളിലെ 32പേർ ശാന്തിഗിരി ഗവ. എൽ.പി സ്കൂളിലെ ക്യാമ്പിലും കണ്ടംതോട്ടിൽ ഉരുൾപൊട്ടിയ പ്രദേശത്തെ 13 കുടുംബങ്ങളിലെ 41 പേർ കണ്ടംതോട് ക്രോസ്ഗിരി പള്ളിയിലെ ക്യാമ്പിലുമുണ്ട്. പൂളക്കുറ്റിയിലെ രണ്ട് ക്വാമ്പുകളിലായി നിലവിൽ 68 കുടുംബങ്ങളിലെ 202 പേരാണുള്ളത്. നിടുംപൊയിൽ ചെക്യേരി കോളനിയിൽ നിന്നുള്ളവർ താമസിക്കുന്ന വേക്കളം എ.യു.പി സ്‌കൂളില്‍ 33 കുടുംബങ്ങളിലെ 93 പേരാണ് നിലവിൽ ഉള്ളത്. ........................................................ മാനന്തവാടി - നിടുംപൊയിൽ ചുരം റോഡിൽ വെള്ളം നിടുംപൊയിൽ: കനത്ത മഴ പെയ്യുന്നതോടെ നിടുംപൊയിൽ ചുരംറോഡിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ റോഡിനു കുറുകെ തോടുപോലെ വെള്ളമൊഴുകുന്നു. ഉരുൾപൊട്ടി രൂപപ്പെട്ട തോടുകളാണ് ചുരം റോഡിൽ 26ാം മൈൽ, 27ാം മൈൽ എന്നിവിടങ്ങളിൽ റോഡിനു കുറുകെ ഒഴുകുന്നത്. ഇവിടെ വാഹനങ്ങൾ കടന്നുപോകുന്നത് അപകടമുണ്ടാക്കുമെന്നതിനാൽ ചുരം റോഡിൽ താൽക്കാലികമായി ഗതാഗതം തടഞ്ഞിരിക്കുകയാണ്. നിടുംപൊയിൽ ചുരം വഴിയുള്ള ഗതാഗതം പൊലീസ് പൂർണമായും നിരോധിച്ചു. ഉരുൾപൊട്ടി ഗതാഗതം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഭാഗികമായി ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ മഴ വീണ്ടും ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് നിരോധനം. ചെറുവാഹനങ്ങൾ പാൽചുരം വഴിയും ചരക്ക് വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും കുറ്റ്യാടി, താമരശ്ശേരി ചുരം വഴിയും പോകണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.