നാദാപുരത്ത് സി.പി.ഐയിൽ ഭിന്നത രൂക്ഷ൦: നൂറിലേറെ പ്രവർത്തകർ രാജിക്കൊരുങ്ങുന്നു

നാദാപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐയിൽ ഉടലെടുത്ത ഭിന്നത പൊട്ടിത്തെറിയിലേക്ക്. നൂറോളം പ്രവർത്തകർ രാജിക്കൊരുങ്ങുകയാണ്. എടച്ചേരി, തൂണേരി, വളയം മേഖലയിലെ പ്രവർത്തകരാണ് രാജി പ്രഖ്യാപിച്ചത്. എടച്ചേരിയിൽ മാത്രം നൂറിലേറെ പേർ ഒപ്പിട്ട രാജിക്കത്ത് പാർട്ടിക്ക് നൽകി. ലോക്കൽ കമ്മിറ്റി ഭാരവാഹികളായ ചാലിൽ ഭാസ്കരൻ, പുതുക്കുടി രാജേഷ് കുമാ൪, നടുവത്തുവയൽ സുരേന്ദ്രൻ, കല്ലുമ്മൽ ബാബു എന്നിവരാണ് ഭിന്നിച്ചുനിൽക്കുന്നവരിലെ പ്രധാനികൾ. നേരത്തെ തന്നെ പാർട്ടിയുമായി തെറ്റി വേറിട്ടുനിൽക്കുന്ന തൂണേരി വെള്ളൂരിലെ സി.പി.ഐ ഡി എന്നറിയപ്പെടുന്ന വിഭാഗവും ഇവരോട് അനുഭാവം പ്രഖ്യാപിച്ചതായാണ് വിവരം. നാദാപുരം എം.എൽ.എ ഇ.കെ. വിജയന്റെ സ്റ്റാഫ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഉന്നയിച്ച പരാതികൾ പാർട്ടി പരിഗണിക്കാത്തതാണ് പെട്ടെന്നുള്ള പൊട്ടിത്തെറിക്ക് കാരണം. രാജിക്കുള്ള കാരണം വ്യക്തമാക്കി മേഖലയിലുടനീളം പരസ്യമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. രാജി സംബന്ധിച്ച് തീരുമാനമെടുത്ത യോഗത്തിൽ 93 പേർ ഒപ്പിട്ടിട്ടുണ്ട്. അവശേഷിക്കുന്ന പ്രവർത്തകർ കൂടി പാർട്ടി വിട്ടുപോകുന്നത് തടയാനുള്ള ജില്ല നേതൃത്വത്തിന്റെ നീക്കം വിഫലമായതാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.