അറ്റകുറ്റപ്പണിക്ക് നൽകിയ ഉപകരണങ്ങളുമായി കടയുടമ മുങ്ങി

കുറ്റ്യാടി: അറ്റകുറ്റപ്പണി നടത്താൻ കടയിൽ ഏൽപിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുമായി ഉടമ മുങ്ങിയതായി പരാതി. കാവിലുമ്പാറ പൊയിലോഞ്ചാലിൽ റിപ്പയർ കട നടത്തുന്ന രാജു എന്ന രാജനെതിരെയാണ് തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകിയത്. വയനാട്ടിൽ ആക്രി വ്യാപാരം നടത്തിയ രാജു ഏതാനും മാസം മുമ്പാണ് പൊയിലോഞ്ചാലിൽ എത്തിയത്. ഇവിടെ താമസിച്ച് വ്യാപാരം നടത്തിയ ഇയാൾ നിരവധിയാളുകളെ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഗർഭിണിയായ ഭാര്യയും രണ്ടു കുട്ടികളുമായാണ് ഇയാൾ പ്രദേശത്ത് എത്തുന്നത്. ദൈന്യത കണ്ട് നാട്ടുകാർ താമസിക്കാൻ വീടും വ്യാപാരത്തിന് കടമുറിയും ഏർപ്പാടാക്കി കൊടുക്കുകയായിരുന്നു. നാട്ടുകാരനായ യുവാവ് ചെറിയ തുകക്ക് തന്റെ ഓട്ടോറിക്ഷ നൽകി. ഭാര്യയുടെ പ്രസവത്തിനും നാട്ടുകാർ സാമ്പത്തിക സഹായം നൽകിയിരുന്നു. വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, ടി.വി തുടങ്ങിയ ഉപകരണങ്ങൾ അറ്റകുറ്റപ്പണിക്ക് കടയിൽ എത്തിച്ചിരുന്നു. പാർട്സുകൾ വാങ്ങാനെന്ന പേരിലും പലരിൽ നിന്നും പണം വാങ്ങി. അടുത്തിടെ ഇയാളെ കാണാതായതോടെ പരിശോധിച്ചപ്പോഴാണ് വിലപിടിപ്പുള്ള ഉപകരണങ്ങൾ കടത്തിക്കൊണ്ടുപോയത് മനസ്സിലായത്. മറ്റുള്ള ഉപകരണങ്ങളുടെ ഉള്ളിൽനിന്ന് ചെമ്പ് കോയിലുകളെല്ലാം ഊരിയെടുത്തിരുന്നു. ഭാര്യ, കുട്ടികൾ എന്നിവരെയും കൊണ്ടുപോയി. കടയിൽനിന്ന് ഇയാളുടെ ആധാർ കാർഡ് ലഭിച്ചിട്ടുണ്ട്. വിലാസം വയനാട്ടിലെ പനമരം എന്നാണുള്ളത്. നന്നായി മലയാളം സംസാരിക്കുമെങ്കിലും ഇയാൾ തമിഴ്നാട് സ്വദേശിയാണെന്നാണ് സംശയം. അതിനിടെ ഉപകരണങ്ങൾ നഷ്ടപ്പെട്ട നാട്ടുകാർ നൽകിയ പരാതി രജിസ്റ്റർ ചെയ്തില്ലെന്നും കേസെടുത്തില്ലെന്നും ഡി.വൈ.എഫ്.ഐ ചാത്തങ്കോട്ടുനട മേഖല പ്രസിഡന്റ് ജസ്റ്റിൻ ബാബു പറഞ്ഞു. അദ്ദേഹവും പരാതി നൽകിയിട്ടുണ്ട്. ----------- photo: രാജന്റെ ആധാർ കാർഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.