തൊടുപുഴ: അന്തേവാസികളുടെ ലക്ഷങ്ങൾ തട്ടിച്ച് മുങ്ങിയ വൃദ്ധസദനം നടത്തിപ്പുകാരനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. മുതലക്കോടത്തെ ‘എൽഡർ ഗാർഡൻ’ എന്ന വൃദ്ധസദനം നടത്തിപ്പുകാരൻ ജീവൻ തോമസിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭക്ഷണത്തിനും ചികിത്സക്കും അടക്കമുള്ള പണം തട്ടിയെടുത്ത് ജീവൻ തോമസ് അയർലൻഡിലേക്ക് മുങ്ങിയതോടെ അന്തേവാസികൾ ദുരിതത്തിലായത് ‘മാധ്യമം’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
മാനസിക വെല്ലുവിളികൾ അനുഭവിക്കുന്നവർ അടക്കം ഏഴ് പേരാണ് ഇവിടെ കഴിയുന്നത്. 2.5 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെ നൽകിയാണ് പലരും ഇവിടെ താമസിച്ചിരുന്നത്. ഈ പണവും അന്തേവാസികളിൽ നിന്ന് കടമായി വാങ്ങിയ സ്വർണവും പണവും അടക്കം നൽകാതെയാണ് ജീവൻ വിദേശത്തേക്ക് കടന്നത്.
ഏതാനും ദിവസങ്ങളായി സ്വയം പണം സമാഹരിച്ച് ഭക്ഷണം പാകം ചെയ്താണ് അന്തേവാസികൾ ദിവസം തള്ളി നീക്കിയിരുന്നത്. ഇവരുടെ ദുരിതം അറിഞ്ഞ് ജില്ല സാമൂഹിക നീതി അധികൃതർ വൃദ്ധസദനത്തിലെത്തിരുന്നു. അന്തേവാസികളോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
‘എൽഡർ ഗാർഡനി’ൽ താമസിക്കുന്നവർ സ്വന്തം നിലക്ക് മറ്റ് കേന്ദ്രങ്ങളിലേക്ക് മാറാനാണ് താൽപര്യം പ്രകടിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അനധികൃതമായി സ്ഥാപനം പ്രവർത്തിപ്പിച്ചത് ഉൾപ്പെടെ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അടുത്ത ദിവസം ഉന്നത അധികൃതർക്ക് റിപ്പോർട്ട് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.