തൊണ്ടപൊട്ടുന്ന ദാഹം; പൈപ്പ് പൊട്ടുന്ന പദ്ധതികൾ

വേനൽ കടുത്തതോടെ ഇടുക്കിക്ക് ദാഹിച്ചുതൊണ്ട പൊട്ടാറായ സ്ഥിതിയാണ്. ശുദ്ധജലത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനിടെ പലയിടത്തും പൈപ്പ് പൊട്ടുകകൂടി ചെയ്തതോടെ ദിവസങ്ങളോളം വെള്ളം കിട്ടാത്ത അവസ്ഥയിലാണ് ലോ റേഞ്ചിലെ പല പ്രദേശങ്ങളും. ജോലിഭാരം കൂടിയതോടെ ജല അതോറിറ്റിയും കിതക്കുകയാണ്.

തൊടുപുഴ നഗരസഭ പ്രദേശത്ത് പലയിടങ്ങളിലും കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കാരൂപ്പാറ, പട്ടയംകവല, കുന്നം എന്നിവിടങ്ങളിലെല്ലാം ജനം കുടിവെള്ളത്തിനുവേണ്ടി അലയുന്ന സാഹചര്യമാണ്.

സമീപത്തെ പല പഞ്ചായത്തുകളിലും കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇവിടങ്ങളിലൊക്കെ പണം കൊടുത്ത് വെള്ളം വാങ്ങേണ്ട സ്ഥിതിയാണ്. തൊടുപുഴ നഗരത്തിൽ പലയിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ഒരു പരിധിവരെ കുടിവെള്ള വിതരണത്തിന് തടസ്സമാകുന്നുണ്ട്. ഒരിടത്ത് ചോർച്ച അടച്ചുകഴിയുമ്പോൾ അടുത്ത സ്ഥലത്ത് പൈപ്പ് പൊട്ടുന്നതിനാൽ ധാരാളം ശുദ്ധജലമാണ് നിത്യേന റോഡിലൂടെ പാഴാകുന്നത്.

നിരന്തരം പൈപ്പ് പൊട്ടുന്നത് റോഡ് മോശമാകുന്നതിനും കാരണമാകുന്നു. എന്നാൽ, അധികൃതർക്ക് കുലുക്കമില്ല. നിർമാണ ഘട്ടത്തിൽ നിലവാരമില്ലാത്ത പൈപ്പുകൾ സ്ഥാപിച്ചതാണ് ചോർച്ച ഉണ്ടാകാൻ കാരണമായതെന്നും ആക്ഷേപമുണ്ട്.

വെള്ളംനീക്കിപ്പാറ നിവാസികൾക്ക് വെള്ളമില്ല

കോട്ടയം-ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ വെള്ളംനീക്കിപ്പാറ നിവാസികൾ വേനൽ ആരംഭിച്ചത് മുതൽ വെള്ളം പണം കൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ്. തൊടുപുഴ വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പമ്പിങ് സ്റ്റേഷനിൽനിന്നുമാണ് വെള്ളംനീക്കിപ്പാറയിലെ വാട്ടർ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്. ഈ പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ ആശ്രയമായിരുന്നു വാട്ടർ അതോറിറ്റിയുടെ ജലവിതരണം. 10 ദിവസം കൂടുമ്പോൾ ഒരിക്കലാണ് ഇവിടേക്ക് വെള്ളം എത്തുന്നതെന്ന് പ്രദേശവാസിയായ പ്രമോദ് പറയുന്നു. അമിതകൂലി നൽകി വേണം വാഹനങ്ങളിൽ വെള്ളം എത്തിക്കാൻ. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുന്നു. 600 രൂപവരെ മൂന്ന് ദിവസം കൂടുമ്പോൾ വെള്ളത്തിനായി മുടക്കുന്നുണ്ട്. വേനൽക്കാലം ആരംഭിച്ചപ്പോൾ തന്നെ പ്രദേശത്തെ സ്വാഭാവിക ജലസ്രോതസ്സുകൾ വറ്റിയിരുന്നു. ഉയരം കൂടിയ പ്രദേശമായതിനാലാണ് കുടിവെള്ളത്തിന് ബുദ്ധിമുട്ട്അനുഭവപ്പെടുന്നത്. മറ്റ് ജലസ്രോതസ്സുകൾ ഇല്ലാത്തതിനാൽ വെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമുള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ആദിവാസിക്കുടിയിലെ അംഗൻവാടിയില്‍ കുടിവെള്ളമെത്തിച്ച് വനപാലകര്‍

അടിമാലി: അടിമാലി പഞ്ചായത്തിലെ തട്ടേക്കണ്ണന്‍ ആദിവാസി കോളനിയിലെ അംഗൻവാടിയിലും ഏകാധ്യാപക സ്‌കൂളിലും കുടിവെള്ളമെത്തിച്ച് വനപാലകര്‍. ജോലിയുടെ ഭാഗമായി ഇവിടെ എത്തിയ അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ്‌കുമാര്‍ അംഗന്‍വാടി സന്ദര്‍ശിക്കുന്നതിനിടെ 18 കുട്ടികളുള്ള അംഗൻവാടിയിലും തൊട്ടടുത്ത ഏകാധ്യാപക വിദ്യാലയത്തിലും വെള്ളം ഇല്ലാത്തതിന്‍റെ പ്രയാസങ്ങള്‍ അധ്യാപകർ വിവരിച്ചു. ഇതോടെ കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റേഞ്ച് ഓഫിസര്‍ ഉറപ്പ് നല്‍കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ 15,000 രൂപ മുടക്കി മോട്ടോറും അനുബന്ധ സാമഗ്രികളും വാങ്ങുകയും പഞ്ചായത്ത് അംഗത്തിന്‍റെ സഹായത്തോടെ ഇവിടെ എത്തിക്കുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അബൂബക്കര്‍ സിദ്ദീഖ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ആര്‍. റോയി, അധ്യാപിക ലീല, സുരേഷ്, രാജു എന്നിവര്‍ നേതൃത്വം നല്‍കി.

പൈപ്പ് പൊട്ടൽ തുടർക്കഥ; വകുപ്പുകൾ തമ്മിൽ തർക്കം

പൊതുമരാമത്ത് വകുപ്പിന്റെ അനുവാദം ഇല്ലാതെ നഗരത്തിലെ പ്രധാന റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്നതു സംബന്ധിച്ച് ജലവിഭവ വകുപ്പ് എൻജിനീയർമാർക്കെതിരെ പൊതുമരാമത്ത് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

മുന്‍കൂര്‍ അനുമതി തേടാതെ ആര്‍പ്പാമറ്റം-കരിമണ്ണൂര്‍ റോഡ് ഒരു കിലോമീറ്ററോളം ദൂരത്തില്‍ കുഴിച്ച് പൈപ്പ് സ്ഥാപിച്ച് ജല അതോറിറ്റി അധികൃതര്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നിര്‍മാണം തടഞ്ഞു. നേരത്തേ ആശിര്‍വാദ് തിയറ്ററിന് സമീപവും കുന്നം-പടി. കോടികുളം റോഡിലും അനുമതി വാങ്ങാതെ വാട്ടര്‍ അതോറിറ്റി റോഡ് കുറുകെ കുത്തിപ്പൊളിച്ചിരുന്നു. ഇതിനിടെ പൈപ്പ് നന്നാക്കാൻ ആളില്ലാത്തതിനാൽ ഉപഭോക്താവ് തന്നെ പണിക്കാരെ വിളിച്ച് പ്രധാന പൈപ്പ് ഉൾപ്പെടെ നന്നാക്കണമെന്ന് നിർദേശിക്കുന്ന എൻജിനീയർമാരും തൊടുപുഴ ഓഫിസിലുണ്ട്. കരാറുകാർക്ക് ലക്ഷക്കണക്കിനു രൂപയാണ് ജലവിഭവ വകുപ്പ് കുടിശ്ശിക നൽകാനുള്ളത്. ഇതുകൊടുക്കാത്തതിനാൽ പണി യഥാസമയം നടത്താനും ആളില്ലാത്ത സ്ഥിതിയാണ്. അടിക്കടി പൈപ്പ് പൊട്ടുന്നതുമൂലം ഉയർന്ന പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളവും അടിക്കടി മുടങ്ങുന്നുണ്ട്.

(അവസാനിച്ചു)

തയാറാക്കിയത്:

അഫ്സൽ ഇബ്രാഹിം,

ധനപാലൻ മങ്കുവ,

തോമസ് ജോസ്,

വാഹിദ് അടിമാലി,

ടി. അനിൽകുമാർ,

എ.എ. ഹാരിസ്

Tags:    
News Summary - Sore throat; Pipe rupture projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.