മൂന്നാർ: മഴക്കാലമാകുന്നതോടെ നിൽക്കാതെ ഓട്ടം ആരംഭിക്കുന്ന മൂന്നാറിലെ അഗ്നിരക്ഷാ സേന വിഭാഗത്തിന് പരാധീനതകളേറെ. സംസ്ഥാന അതിർത്തി മേഖലകളായ ചിന്നാർ മുതൽ ബോഡിമെട്ടുവരെ 65 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലുള്ള ഭൂപ്രദേശമാണ് ഈ സ്റ്റേഷന് കീഴിൽ വരുന്നത്. ജില്ലയിൽ കൂടുതൽ ദുരന്തമേഖലകൾ സ്ഥിതി ചെയ്യുന്നത് ഈ സ്റ്റേഷൻ പരിധിയിലാണ്. പെട്ടിമുടിയിലേതു ഉൾപ്പെടെ ഉരുൾപൊട്ടൽപോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരമായി നേരിടുന്നതിനുള്ള ഉപകരണങ്ങളും മറ്റും ഇപ്പോഴും അപര്യാപ്തമാണ്. മണ്ണുമാന്തി യന്ത്രങ്ങളും ദുരന്ത മേഖലയിലേക്ക് എത്തിപ്പെടാൻ കഴിയുന്ന തരം വാഹനങ്ങളും ഇവിടെ ആവശ്യമാണ്. നിലവിൽ ഒരു മദർ ടാങ്ക് യൂനിറ്റും (എം.ടി.യു), മിനിവാട്ടർ മിസ്റ്റും ഒരു വാട്ടർ മിസ്റ്റ് ബൈക്കും ഉൾപ്പെടെ അഞ്ച് വാഹനങ്ങളാണ് ഇവിടെയുള്ളത്. പെട്ടിമുടി ദുരന്തത്തിനുശേഷം കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ ഇവിടേക്ക് അനുവദിച്ചിട്ടുണ്ട്.
1990ലാണ് മൂന്നാർ നല്ലതണ്ണിയിൽ അഗ്നിരക്ഷാ കാര്യാലയം സ്ഥാപിച്ചത്. ടൗണിൽനിന്ന് നാല് കിലോമീറ്റർ ദൂരെയാണ് നല്ലതണ്ണി. സ്റ്റേഷൻ ടൗൺ ഭാഗത്തേക്ക് മാറ്റണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ടാറ്റ കമ്പനി വിട്ടുനൽകിയ കെട്ടിടത്തിലാണ് തുടങ്ങിയ കാലം മുതൽ ഇതിന്റെ പ്രവർത്തനം. ചോർന്നൊലിച്ച് നിലംപൊത്താറായി സ്ഥിതിചെയ്തിരുന്ന ഈ കെട്ടിടം അടുത്തയിടെ കമ്പനി മൂന്നു ലക്ഷം ചെലവിട്ട് അറ്റകുറ്റപ്പണി ചെയ്തിട്ടുണ്ട്. താമസസൗകര്യം കുറവായതിനാൽ ഉദ്യോഗസ്ഥരുടെ താമസവും ഭക്ഷണം പാചകം ചെയ്യലുമൊക്കെ സ്റ്റേഷൻ കെട്ടിടത്തിലെ ഒരു മുറിയിൽതന്നെ.
പീരുമേട്: അഗ്നിരക്ഷാ സേന യൂനിറ്റിൽ ജീവനക്കാരുടെ അഭാവവും ആംബുലൻസ് ഇല്ലാത്തതും പ്രവർത്തനത്തെ ബാധിക്കുന്നു. 36 ജീവനക്കാരുടെ തസ്തിക ഉള്ളപ്പോൾ 30ൽ താഴെ പേർ മാത്രമാണുള്ളത്.
അറ്റകുറ്റപ്പണിക്കായി കട്ടപ്പുറത്തായതിനാൽ അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസിന്റെ സേവനം ലഭ്യമല്ല. കാലവർഷം കനക്കുന്നതോടെ അടിയന്തര ഘട്ടങ്ങൾ ഉണ്ടായാൽ ജീവനക്കാരുടെ അഭാവവും ആംബുലൻസ് ഇല്ലാത്തതും പ്രവർത്തനത്തെ ബാധിക്കുന്നു. കഴിഞ്ഞ മാർച്ചിൽ ജീവനക്കാർ വിരമിച്ചതും ഒഴിവുകൾ നികത്താത്തതുമാണ് ജീവനക്കാർ കുറയാൻ കാരണം. കാലവർഷം ശക്തമാകുമ്പോൾ പെരുവന്താനം മുതൽ കുട്ടിക്കാനംവരെ മണ്ണിടിച്ചിലുണ്ടായി ഗതാഗതം സ്തംഭിക്കുന്നതും വണ്ടിപ്പെരിയാർ മുതൽ വാളാർഡിവരെ ദേശീയപാതയിൽ വെള്ളം കയറി ഗതാഗതം സ്തംഭിക്കുമ്പോഴും അടിയന്തര ഘട്ടങ്ങളിൽ അഗ്നിരക്ഷാ സേനയുടെ സേവനം വിലപ്പെട്ടതാണ്.
അടിമാലി: അടിമാലി മിനി ഫയർ സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വലയുന്നു. പഞ്ചായത്ത് നിർമിച്ച് കൈമാറിയ കെട്ടിടം വകുപ്പിന് സ്വന്തം പേരിലേക്ക് ആധാരം ചെയ്ത് ലഭിക്കാത്തതിനാൽ അറ്റകുറ്റപ്പണി നടത്തുന്നതിനോ അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാനോ കഴിയുന്നില്ല.
റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഭൂമിയും കെട്ടിടവും വകുപ്പിന് ലഭിക്കാത്തതിന്റെ കാരണം. 24 ജീവനക്കാരാണുള്ളത്. 24 മണിക്കൂറും ജീവനക്കാർ സർവ സന്നാഹവുമായി നിൽക്കുമ്പോൾ ഇവർക്ക് വിശ്രമിക്കാനും ഇടമില്ല. ഓഫിസിനുപുറമെ ഫയർ വാഹനങ്ങൾ ഇടുന്നതിനുള്ള കെട്ടിടമാണുള്ളത്. ചെറിയൊരുഭാഗം ജീവനക്കാർ ദുരിതപൂർണമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്. കുടിവെള്ളം ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. അയൽവീട്ടുകാർ കനിഞ്ഞില്ലെങ്കിൽ കുടിവെള്ളം മുടങ്ങും. കുഴൽക്കിണർ അടിക്കാൻ വകുപ്പിന് കഴിയുമെങ്കിലും ഭൂമി സ്വന്തമായില്ല. 2015ലാണ് പ്രവർത്തനം തുടങ്ങിയത്. ജീവനക്കാരെ കുറക്കാൻ മിനി ഫയർ സ്റ്റേഷനായിട്ടാണ് പ്രവർത്തനം തുടങ്ങിയത്. ജില്ലയിൽ ആറ് ഫയർ സ്റ്റേഷനും രണ്ട് മിനി ഫയർ സ്റ്റേഷനുമാണുള്ളത്. തൊടുപുഴ ഫയർ സ്റ്റേഷൻ കഴിഞ്ഞാൽ കൂടുതൽ അത്യാഹിതങ്ങളിലും ഓടിയെത്തുന്നത് ഇപ്പോൾ അടിമാലി മിനി ഫയർ സ്റ്റേഷനാണ്.
ഈ വർഷം 82 അത്യാഹിത സംഭവങ്ങളിലാണ് ഫയർസ്റ്റേഷൻ ജീവനക്കാർ സ്ഥലത്തെത്തിയത്. ഒരു ഫയർ എൻജിൻ, ഒരു ആംബുലൻസ്, ഒരു വാട്ടർ ലോറി ഉൾപ്പെടെ അഞ്ച് വാഹനങ്ങളുമുണ്ട്.
കട്ടപ്പന: 1984 മുതൽ കട്ടപ്പനയിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാസേനയുടെ സ്ഥിതി ശോചനീയമാണ്. സ്വന്തമായി കെട്ടിടം പോലും ലഭിച്ചിട്ടില്ല. വാടക കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. വാഹനങ്ങൾ എല്ലാം താൽക്കാലിക ഷെഡിലാണ് പാർക്ക് ചെയ്യുന്നത്. ജീവനക്കാർ തകര ഷെഡിൽ കഴിയുന്നു. അമ്പലക്കവലയിൽ ഫയർഫോഴ്സിന് കെട്ടിടം നിർമ്മിക്കാൻ 20 സെന്റ് സ്ഥലം നഗരസഭ നൽകിയെങ്കിലും കെട്ടിട നിർമ്മാണ നടപടികൾ വൈകുകയാണ്. രണ്ട് ഫയർ എഞ്ചിനും ഒരു ജീപ്പും രണ്ട് ക്വിക് റെസ്ഫോൺസ് വെഹിക്കിളും ഉൾപ്പെടെ അഞ്ചു വാഹനങ്ങൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ നാലുവാഹനങ്ങളായി ചുരുങ്ങി. ഇടുക്കി ജലാശയത്തിലും പെരിയാറിലും ആളുകൾ അപകടത്തിൽപ്പെടുമ്പോൾ രക്ഷിക്കാൻ ഒരു റബ്ബർ ബോട്ട് മാത്രമാണ് സേനക്കുള്ളത്. ഇത്തരം സന്ദർഭങ്ങളിൽ സേവനത്തിനാവശ്യമായ മുങ്ങൽ വിദഗ്ധരടങ്ങുന്ന സ്കൂബാ ടീം ഇവിടെയില്ല.
ചെറുതോണി: ജില്ല ആസ്ഥാനത്തെ ഫയർ സ്റ്റേഷനിൽ രണ്ട് ഫയർ എൻജിനും ഒരു ആംബുലൻസുമാണ് ആകെയുള്ളത്. ഇതാവട്ടെ കാലപ്പഴക്കമുള്ളതും. നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് മെക്കാനിക്കിനെ നിയമിച്ചത്.
വെള്ളത്തിലുണ്ടാകുന്ന അപകടങ്ങളിൽ സഹായം നൽകണമെങ്കിൽ സംവിധാനങ്ങളൊന്നുമില്ല. ഉരുൾപൊട്ടൽ, മരം വീണുള്ള അപകടങ്ങൾ എന്നിവ നേരിടുന്നതിനും സന്നാഹങ്ങളൊന്നുമില്ല. എമർജൻസി ടെൻഡർ വാഹനമില്ല.
വെള്ളത്തിൽ വീണുള്ള അപകടങ്ങൾ ഈ സ്റ്റേഷൻ പരിധിയിൽ നിത്യസംഭവമാണ്. നീന്തൽ പരിശീലനം നേടിയ അഞ്ച് ഫയർമാൻമാരുടെ തസ്തികയുണ്ട്. ഇവിടെ ആരുമില്ല. മൂന്നുപേർ ഉണ്ടായിരുന്നത് സ്ഥലം മാറിപ്പോയി. വെള്ളത്തിനടിയിൽ മുങ്ങുന്നതിനുള്ള ഉപകരണങ്ങളും സേർച്ച് ലൈറ്റും ഇല്ല. കൈയെത്തും ദൂരത്ത് ഇടുക്കി ഡാമും നിരന്തരം സന്ദർശകരുമുള്ളപ്പോൾ ഇത് അത്യാന്താപേക്ഷിതമാണ്.
രക്ഷാപ്രവർത്തനം നടത്തുന്നതിന് യമഹാബോട്ട് നൽകുമെന്ന സർക്കാറിന്റെ വാഗ്ദാനം ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു. മഴക്കാലത്ത് മലയിടിച്ചിൽ സ്ഥിരമാണ് എന്നാൽ, ഇത്തരം അപകടം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് തൂമ്പകൾ മാത്രമാണുള്ളത്.
മരം വെട്ടാൻ മുമ്പ് നാട്ടുകാർ ഒരു വട്ടവാളും വാക്കത്തിയും സൗജന്യമായി നൽകിയതാണ് ഇപ്പോഴുമുള്ളത്. കൂടുതൽ വേണ്ടി വന്നാൽ സമീപത്തെ വീടുകളിൽ നിന്ന് കടമെടുക്കണം. എമർജൻസി ടെന്ഡർ ഉടൻ നൽകുമെന്ന് മന്ത്രിയും നാലു എം.എൽ.എമാരും പങ്കെടുത്ത ജില്ല വികസന സമിതി യോഗം തീരുമാനമെടുത്തതാണ്. അത് പ്രഖ്യാപനത്തിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.