അടിമാലി: മാലിന്യ മുക്ത നവകേരളം കാമ്പയിനും പഞ്ചായത്തുകളുടെ ഹരിത പ്രഖ്യാപനവുമൊന്നും വനം വകുപ്പ് അറിഞ്ഞിട്ടില്ലേ..? വനപ്രദേശത്ത് തുടരെ മാലിന്യം നിറയുമ്പോഴാണ് വനപാലകരുടെ നിസ്സഹകരണം ചർച്ചയാകുന്നത്. നേര്യമംഗലം റേഞ്ചിൽ നേര്യമംഗലം, വനമേഖല, കരിമണൽ വനമേഖല എന്നിവിടങ്ങളിലെ റോഡരികുകളിലാണ് തുടരെ മാലിന്യം നിക്ഷേപിക്കുന്നത്.
വിജനമായ പ്രദേശങ്ങളിൽ വാഹനങ്ങളിലെത്തിച്ച് മാലിന്യം തള്ളുന്നത് വർധിക്കുമ്പോഴും വനപാലകർ കാഴ്ചക്കാരായി നിൽക്കുക്യാണെന്നാണ് ആക്ഷേപം. വില്ലാഞ്ചിറയിൽ മത്സ്യാവശിഷ്ടം വൻതോതിൽ നിക്ഷേപിച്ചതിനാൽ വലിയ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മൂന്നാംമൈൽ ഭാഗത്തും വലിയ ദുർഗന്ധം ഉയരുന്നുണ്ട്. വാളറ - ചീയപ്പാറ മേഖലയിൽ തുടരെ മാലിന്യം വലിച്ചെറിയുന്നു. വനത്തിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തള്ളുന്നുണ്ട്.
വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും കാറ്ററിങ് സർവിസുകാരുടെയും മാലിന്യം വൻതോതിൽ വനത്തിൽ തള്ളുന്നു. ചിലയിടങ്ങളിൽ കോഴി, മീൻ കടകളിലെ അവശിഷ്ടങ്ങളും വനത്തിൽ കൊണ്ടുവന്ന് തള്ളുന്നു. നേര്യമംഗലം - ഇടുക്കി റോഡിൽ പലയിടത്തും ചാക്കുകളിൽ തള്ളിയ മാലിന്യത്തിന് മുകളിൽ വാഹനങ്ങൾ കയറിയിറങ്ങി ചതഞ്ഞരഞ്ഞ് കിടക്കുന്നത് കാണാം.
കരിമണൽ വനാതിർത്തി മുതൽ പാംബ്ല വരെ മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. വീടുകളിൽ ഉപയോഗിക്കാനാകാത്ത സാധനങ്ങളെല്ലാം വനത്തിലാണ് തള്ളുന്നത്. ആരും ചോദിക്കാനും പറയാനുമില്ലാത്തതിന്റെ സാക്ഷ്യമാണ് ഈ കാഴ്ചകൾ. വനത്തിൽ മാലിന്യം തള്ളുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ഫ്ലക്സ് സ്ഥാപിച്ചാൽ ഇതിന് പരിഹാരമാകുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.