കുമളി: പെരിയാർ കടുവ സങ്കേതത്തിലെ തേക്കടി റേഞ്ചിൽ ശകുന്തളക്കാട് ഭാഗത്തുനിന്ന് രണ്ട് ചന്ദനമരം മുറിച്ചുകടത്തി. ഏകദേശം 50 കിലോ തൂക്കം വരുന്ന ചന്ദനമാണ് മോഷ്ടാക്കൾ കടത്തിയത്. നീണ്ട ഇടവേളക്കുശേഷമാണ് തേക്കടിയിൽ ചന്ദനമോഷണം നടക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കുമളി മന്നാക്കുടി ആദിവാസി കോളനിയിലെ ബിനോയ് (23), വിഷ്ണു (27), ശ്യാം (23) മാങ്കുളം, താളുകണ്ടം സ്വദേശി ഉണ്ണി (25) എന്നിവരെ തേക്കടി റേഞ്ച് ഓഫിസർ അഖിൽ ബാബു, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം അറസ്റ്റ് ചെയ്തു. മാങ്കുളത്തുനിന്ന് കുമളിയിൽ വിവാഹം ചെയ്ത പെങ്ങളുടെ വീട്ടിൽ താമസിച്ച് കൂലിപ്പണിക്കു പോകുകയായിരുന്നു അറസ്റ്റിലായ ഉണ്ണി. ഇതിനിടയായിരുന്നു മോഷണം.
ബുധനാഴ്ച രാത്രിയാണ് സംഘം ശകുന്തളക്കാട്ടിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചത്. മരങ്ങളുടെ വേര് സഹിതം പിഴുതെടുക്കുകയായിരുന്നു. ഇവർ കടത്തിയ ചന്ദനമരങ്ങളിൽ 25 കിലോയോളം പ്രതിയായ ബിനോയിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. ശേഷിച്ച 25 കിലോ ചന്ദനം ഇവരിൽനിന്ന് വാങ്ങിയ റോസാപ്പൂക്കണ്ടം സ്വദേശി അബ്ദുൽ സലാം ഒളിവിലാണ്.
കിലോക്ക് 2500 രൂപ നിരക്കിലാണ് പ്രതികൾ ചന്ദനം വിറ്റത്. ഇവ ചെറിയ കഷണങ്ങളാക്കി വ്യാപാരസ്ഥാപനങ്ങൾ വഴി വിൽക്കുകയാണ് പതിവെന്ന് പ്രതികൾ വനപാലകരോട് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.