കോന്നി: ഇടുക്കി ചിന്നക്കനാലിൽ നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടിയതിൽ പ്രധാന പങ്കുവഹിച്ചത് താപ്പാന കോന്നി സുരേന്ദ്രൻ. അർധ അബോധാവസ്ഥയിലും എതിർത്തുനിന്ന അരിക്കൊമ്പനെ പാപ്പാന്‍റെ നിർദേശപ്രകാരം പിറകിൽ നിന്ന് തള്ളി വാഹനത്തിൽ കയറ്റിയത് സുരേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു.
പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ നാശം വിതച്ച പി.ടി സെവൻ എന്ന കാട്ടുകൊമ്പനെ മാസങ്ങൾക്കുമുമ്പ് കുടുക്കാൻ നിർണായക പങ്ക് വഹിച്ചത് കോന്നി സുരേന്ദ്രൻ ആയിരുന്നു. പാലക്കാട് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ 72 അംഗ ദൗത്യ സംഘത്തിന്‍റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.
1999ൽ രാജാമ്പാറ ഭാഗത്തുനിന്നാണ് രണ്ടു വയസ്സുള്ള കോന്നി സുരേന്ദ്രൻ എന്ന ആനക്കുട്ടിയെ വനം വകുപ്പിന് ലഭിക്കുന്നതും കോന്നി ആനത്താവളത്തിൽ എത്തിച്ച് പരിപാലിക്കുന്നതും. 2018 ൽ സർക്കാർ നിർദേശപ്രകാരം കോന്നി സുരേന്ദ്രനെ കുങ്കി ആന പരിശീലനത്തിന് കോന്നിയിൽനിന്ന് തമിഴ്‌നാട് മുതുമല ആന ക്യാമ്പിലേക്ക് മാറ്റി. എന്നാൽ, കോന്നിക്കാർക്ക് പ്രിയങ്കരനായ സുരേന്ദ്രനെ ആനപ്രേമികളുടേത് അടക്കം വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കോന്നിയിൽനിന്ന് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.