കാഞ്ചിയാറിൽ കാട്ടാന നശിപ്പിച്ച കൃഷി
കട്ടപ്പന: കോഴിമല തുളസിപ്പടിയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. നാട്ടുകാർ ഭീതിയിൽ. കോഴിമലക്കും മുരിക്കാട്ട്കുടിക്കും ഇടയിൽ തുളസിപ്പടിയിൽ ബുധനാഴ്ച പുലർച്ചയാണ് കാട്ടാന എത്തിയത്. രണ്ട് പിടിയാനയും ഒരു കുട്ടിയാനയും ഉൾപ്പെട്ട ആനകളാണ് പ്രദേശത്തെ കർഷകരെ ഭീതിയിലാക്കുകയും കൃഷക്ക് നാശം ഉണ്ടാകുകയും ചെയ്തത്.
ചൊവ്വാഴ്ച രാത്രി ഏലത്തോട്ടങ്ങളിൽ എത്തിയ ആന പുലർച്ച വരെ ഇവിടെ തമ്പടിക്കുകയായിരുന്നു. വാഴയും ഏല കൃഷിയും ഇവ നശിപ്പിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ വനപാലകർ ആനയെ കാട്ടിലേക്ക് ഓടിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പുലർച്ച ഇവിടെനിന്നും മാറിയ ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനപാലകർ. കഴിഞ്ഞ ദിവസം കാഞ്ചിയാർ അഞ്ചുരുളി, കട്ടപ്പന വാഴവര വാകപ്പടി എന്നിവിടങ്ങളിലും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
കാഞ്ചിയാർ ജനവാസ മേഖലയിൽ ശനിയാഴ്ച രാത്രി മൂന്ന് കാട്ടാനകളാണ് ഇറങ്ങിയത്. ജനവാസമേഖലയിൽ ഇറങ്ങി കൃഷിനാശം വരുത്തിയ കാട്ടാനയുടെ മുന്നിൽനിന്ന് ജോലിക്ക് പോകുകയായിരുന്ന പുത്തൻപുരക്കൽ ശ്രീജിത് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണ്.
ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികളുടെ നേതൃത്വത്തിൽ കാട്ടാനയെ ജനവാസ മേഖലയിൽനിന്ന് കാട്ടിലേക്ക് ഓടിച്ചുവിട്ടു. അടിമാലി-കുമളി ദേശീയപാതക്ക് സമീപത്ത് കാട്ടാന സ്ഥിരമായി എത്തുന്ന സാഹചര്യമാണ്. കഴിഞ്ഞ രാത്രി വാഴവര വാകപ്പടിയിൽ ദേശീയപാതക്ക് മുകൾവശത്താണ് കാട്ടാനകൾ എത്തിയത്.
30 വർഷത്തിനിടെ ഇതാദ്യമാണ് ഈ മേഖലയിൽ കാട്ടാന എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഏലം തെങ്ങ് വഴ ഉൾപ്പെടെ കൃഷിവിളകൾ കാട്ടാന നശിപ്പിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.