തേ​യി​ല​ത്തോ​ട്ട​ത്തി​ൽ മൂ​ത്ത് നി​ൽ​ക്കു​ന്ന കൊ​ളു​ന്ത്

കൊളുന്ത് വാങ്ങാനാളില്ല; ചെറുകിട തേയില കർഷകർ പ്രതിസന്ധിയിൽ

കട്ടപ്പന: ഉൽപാദനം വർധിച്ചതോടെ ഫാക്ടറികളും ഏജന്‍റുമാരും കൊളുന്ത് വാങ്ങുന്നത് നിർത്തി. ചില ഫാക്ടറികൾ വാങ്ങുന്നതിന്റെ അളവ് നേർപകുതിയാക്കി കുറച്ചു. ഇതോടെ ജില്ലയിലെ 20,000 ചെറുകിട തേയില കർഷകർ പ്രതിസന്ധിയിലായി.

കാലാവസ്ഥ അനുകൂലമായതാണ് കൊളുന്ത് ഉൽപാദനം കുത്തനെ വർധിക്കാൻ കാരണം. ഇതോടെ വില കുത്തനെ ഇടിഞ്ഞു. തേയില ബോർഡ് മേയിൽ നിശ്ചയിച്ച തറവില കിലോക്ക് 12.36 രൂപയാണ്. എന്നാൽ, ഫാക്ടറികൾ ഗുണനിലവാരമനുസരിച്ച് ഒമ്പതു മുതൽ 11 രൂപവരെ മാത്രമാണ് കർഷകർക്ക് നൽകുന്നതെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡന്റ്‌ വൈ.സി. സ്റ്റീഫൻ പറഞ്ഞു.

ജില്ലയിലെ തേയില ഫാക്ടറികളിലേറെയും വൻകിട തോട്ടങ്ങളോട് അനുബന്ധിച്ചാണ് പ്രവർത്തിക്കുന്നത്. അവരുടെ തേയിലത്തോട്ടത്തിൽ ഉൽപാദിപ്പിക്കുന്ന കൊളുന്തിന്റെ ലഭ്യതക്കനുസരിച്ചാണ് ഇത്തരം ഫാക്ടറികൾ പുറത്തുള്ള ചെറുകിട കർഷകരിൽനിന്ന് കൊളുന്ത് വാങ്ങുന്നത്. ഉൽപാദനം കൂടിയാൽ വാങ്ങുന്നത് നിർത്തുകയോ ഏജന്റുമാരോട് അളവ് കുറക്കാൻ ആവശ്യപ്പെടുകയോ ചെയ്യും. കാലാവസ്ഥ അനുകൂലമായതിനാൽ എല്ലാ തോട്ടത്തിലും ഇപ്പോൾ ഉൽപാദനം ഇരട്ടിയായി വർധിച്ചിട്ടുണ്ട്.

വളകോട്, വട്ടപ്പതാൽ, വാഗമൺ, പുള്ളിക്കാനം, കാൽവരിമൗണ്ട്, തോപ്രാംകുടി തുടങ്ങിയ മേഖലകളിൽനിന്നായി പ്രതിദിനം രണ്ടരലക്ഷം കിലോയോളം കൊളുന്താണ് വിവിധ മേഖലകളിലെ ഫാക്ടറികളിലേക്ക് അയച്ചിരുന്നത്. മൂന്നാർ, പീരുമേട്, ഇടുക്കി, വാൽപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ ഫാക്ടറികളിലേക്കാണ് കൊളുന്ത് കൊണ്ടുപോയിരുന്നത്.

കമ്പനികൾ പിൻവലിഞ്ഞതോടെ കർഷകർക്ക് കനത്ത ആഘാതമായി. മൂന്നാർ മേഖലയിലേക്ക് ദിവസങ്ങളായി കൊളുന്ത് കൊണ്ടുപോകുന്നില്ല. ചുരുക്കം ചില ഫാക്ടറികൾ കുറഞ്ഞ അളവിൽ വാങ്ങാൻ തയാറാണെങ്കിലും കിലോക്ക് ഒമ്പത് മുതൽ 11 രൂപവരെ മാത്രമാണ് നൽകുന്നത്. മൂത്തതാണെന്നും വെള്ളം കൂടുതലാണെന്നും മറ്റുമുള്ള കാരണങ്ങൾ നിരത്തി 10 മുതൽ 15 ശതമാനം വരെ തൂക്കത്തിൽ കുറക്കുകയും ചെയ്യും. ഏതാനും ആഴ്ച മുമ്പ് 15 രൂപക്കുവരെ കൊളുന്ത് വിറ്റിരുന്ന സ്ഥാനത്താണ് ഈ പ്രതിസന്ധി.

ഏപ്രിലിൽ കിലോക്ക് 12.86 രൂപയാണ് ടീ ബോർഡ്‌ പ്രഖ്യാപിച്ച തറവില. അതിന് മുമ്പത്തെ മാസം 13.40 ആയിരുന്നു. വില ഇടിഞ്ഞതോടെ കർഷകർ വിളവെടുപ്പ് സാവധാനമാക്കിയതിനാൽ ചെടികളിൽ നിൽക്കുന്ന കൊളുന്ത് മൂത്ത് ഉപയോഗശൂന്യമാകുകയാണ്. അടുത്തഘട്ടത്തിൽ വിളവെടുപ്പ് നടത്തണമെങ്കിൽ ഇവ വെട്ടിമാറ്റണം. മൂത്തുനശിച്ച കൊളുന്ത് വെട്ടിമാറ്റണമെങ്കിൽ അതിനും പണം മുടക്കണം. പ്രശ്‌നത്തിൽ അടിയന്തരമായി ടീ ബോർഡ് ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

Tags:    
News Summary - Small tea farmers in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.