representation image

വിലക്കയറ്റം; സ്‌കൂളുകളിലെ അടുപ്പുകളിൽ ആശങ്കയുടെ പുക

കട്ടപ്പന: വിപണിയില്‍ വിലക്കയറ്റം രൂക്ഷമായതോടെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി താളംതെറ്റുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ വിഹിതംകൊണ്ട് പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസര്‍ക്കാര്‍ 60 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ 40 ശതമാനവും തുകയാണ് പദ്ധതിക്ക് നൽകുന്നത്.

ആഴ്ചയില്‍ ഒരു കോഴിമുട്ടയും രണ്ട് ദിവസങ്ങളിലായി 100 മില്ലീലിറ്റർ പാലും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍, ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം തുക വകയിരിത്തിയിട്ടില്ല. 2016ലാണ് ഏറ്റവുമൊടുവിൽ പദ്ധതിയുടെ തുക വര്‍ധിപ്പിച്ചത്.

150 കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകളില്‍ ഒരുകുട്ടിക്ക് ഒരുദിവസം എട്ട് രൂപയും 150 മുതല്‍ 500 വരെ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് ഏഴുരൂപയും 500ന് മുകളില്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരുകുട്ടിക്ക് ആറ് രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

തുക വര്‍ധിപ്പിച്ച് ഏഴുവര്‍ഷം പിന്നിടുമ്പോള്‍ അരിമുതല്‍ സകല സാധനങ്ങളുടെയും വില ഇരട്ടിയോളം ഉയർന്നിട്ടുണ്ട്. പാചകവാതകത്തിനുണ്ടായ വിലക്കയറ്റവും പദ്ധതിക്ക് തിരിച്ചടിയായി. എല്‍.പി വിഭാഗത്തിന് 50 ഗ്രാമും യു.പി വിഭാഗത്തിന് 75 ഗ്രാമും പച്ചക്കറിയാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താൻ സര്‍ക്കാര്‍ നിർദേശിച്ചിട്ടുള്ളത്.

ഒരുകിലോ പയറിന് 110 രൂപയാണ് വിപണിവില. ഒരു കുട്ടിക്ക് നിശ്ചിത ഗ്രാം പയര്‍ ഒരുദിവസം നൽകാൻ 2.50 രൂപ മുതല്‍ മൂന്നുരൂപവരെയാണ് ചെലവ്. പച്ചക്കറിക്കും പലവ്യഞ്ജനത്തിനുമായി ഒരുകുട്ടിക്ക് 10 രൂപയോളം വേണം. മല്ലി, മുളക്, എണ്ണ ചെലവിലേക്ക് ഒരുകുട്ടിക്ക് രണ്ടുരൂപയോളം വരുന്നുണ്ട്.

മുട്ടയും പാലും കൂടിയാകുമ്പോള്‍ സര്‍ക്കാര്‍ കണക്കിലെ തുക എങ്ങുമെത്തില്ല. അധികതുക പലപ്പോഴും സ്‌കൂളിലെ പ്രധാനാധ്യാപകരുടെ ശമ്പളത്തിൽനിന്നാണ് കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - price rise Smoke of concern in the hearths of schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.