ദേവപ്രിയക്ക് നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടൽ എം.എം. മണി എം.എൽ.എ
നിർവഹിക്കുന്നു. സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് സമീപം
കട്ടപ്പന: സംസ്ഥാന കായികമേളയിൽ താരമായ ഇടുക്കിയുടെ ദേവപ്രിയ തന്റെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സാക്ഷ്യം വഹിക്കുമ്പോൾ ഉള്ളിൽ സന്തോഷക്കടലായിരുന്നു. ഏറ്റവും വലിയ സ്വപ്നം എന്താണെന്ന് ചോദിച്ചാൽ ദേവനന്ദ പറയുമായിരുന്നു സുരക്ഷിതമായ വീടെന്ന്.
സംസ്ഥാന സ്കൂൾ കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിൽ 38 വർഷം മുമ്പത്തെ റെക്കോഡും തകർത്ത് സ്വർണമെഡലുമായി നാട്ടിലെത്തിയ ദിവസം തന്നെ സമ്മാനമായി വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നതിന്റെ സന്തോഷം ദേവനന്ദക്ക് പറഞ്ഞറിയിക്കാനായില്ല. ദേവപ്രിയക്കും സഹോരി ദേവനന്ദക്കും സി.പി.എം ഇടുക്കി ജില്ല കമ്മിറ്റിയാണ് വീട് പണിതുനൽകുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന സ്കൂൾ കായിക മേളയിലെ സബ്ജൂനിയർ വിഭാഗത്തിൽ ഏറ്റവും വേഗമേറിയ കായിക താരമെന്ന ഖ്യാതിയുമായാണ് ഇടുക്കിയിലേക്ക് ദേവപ്രിയ എത്തിയത്.
ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന വീട്ടിലായിരുന്നു വർഷങ്ങളായി ദേവപ്രിയയും ദേവനന്ദയും ഉൾപ്പെടെ എട്ടംഗ കുടുംബം കഴിഞ്ഞിരുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിനാൽ തറവാട് വീട്ടിലെ ഷീറ്റുമേഞ്ഞ വീട്ടിലായിരുന്നു താമസം.
കായികമേളകളിൽ പങ്കെടുത്ത് കഷ്ടപ്പെട്ട് വാരിക്കൂട്ടിയ മെഡലുകളും മെമന്റോകളും സ്ഥലമില്ലാത്തതിനാൽ തട്ടിൻമുകളിലും കട്ടിലിനടിയിലും ചാക്കിൽ കെട്ടിയാണ് സൂക്ഷിച്ചിരുന്നത്. ഇത്തവണ മത്സരശേഷം ദേവപ്രിയയുടെ മനോവിഷമം കായികാധ്യാപകൻ തുറന്നുപറഞ്ഞതോടെ തിരികെ നാട്ടിലെത്തുമ്പോൾ വീടിന്റെ തറക്കല്ലിടൽ നടത്തുമെന്ന് സി.പി.എം ജില്ല സെക്രട്ടറി അറിയിക്കുകയായിരുന്നു. കുടുംബത്തിന് താൽക്കാലിക താമസ സൗകര്യം ഒരുക്കിയ ശേഷം തകർന്നുവീഴാറായ പഴയ വീട് പൊളിച്ചു മാറ്റി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഓൺലൈനായി വീടിന്റെ ശിലാസ്ഥാപനം നടത്തി. വിദ്യാഭ്യാസ മന്ത്രിയും ആശംസയറിയിച്ചു. തുടർന്ന് പുതിയ വീടിന് എം.എം. മണി എം.എൽ.എ തറക്കല്ലിട്ടു. 1000 ചതുരശ്രയടി വിസ്തീർണമുള്ള വീടാണ് പണിതുനൽകുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നൽകും.
കാൽവരി മൗണ്ട്, കുട്ടക്കല്ല്, പാലത്തും തലക്കൽ ഷൈജുവിന്റെയും ബിസ്മിയുടെയും മക്കളായ ദേവനന്ദയും ദേവപ്രിയയും കാൽവരി മൗണ്ട് ഹൈസ്കൂളിലെ പത്താം ക്ലാസ്, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ്. ദേവനന്ദ ഹൈജമ്പ് താരമാണ്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ സ്വർണമെഡൽ നേടിയിരുന്നെങ്കിലും സ്കൂൾ കായികമേളയിൽ ഈ വർഷം അഞ്ചാം സ്ഥാനമേ നേടാനായുള്ളൂ. എന്നാൽ അനിയത്തി ദേവപ്രിയ 38 വർഷത്തെ സ്പ്രിന്റ് റെക്കോഡ് തകർത്താണ് 100 മീറ്ററിൽ സ്വർണം നേടിയത്.
ടിമ്പർ തൊഴിലാളിയായിരുന്ന പിതാവ് ഷൈജു ആരോഗ്യപ്രശനങ്ങളാൽ ഇപ്പോൾ പണിക്ക് പോകുന്നില്ല. കേരള ബാങ്കിലെ താത്കാലിക ജീവനക്കാരിയാണ് അമ്മ ബിസ്മി. സഹോദരൻ ദേവാനന്ദ്. ചരിത്ര നേട്ടവുമായെത്തിയ ദേവപ്രിയക്ക് കാൽവരി സ്കൂളിൽ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. സ്കൂളിലെ കായിക പരിശീലകൻ ടിബിൻ ജോസഫിനെയും ചടങ്ങിൽ ആദരിച്ചു.
കാൽവരിമൗണ്ടിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ താരങ്ങളെ സ്വീകരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനിൽ അനുമോദന യോഗം ഉദ്ഘാടനംചെയ്തു. സി.എം.ഐ കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. മാത്യു മഞ്ഞക്കുന്നേൽ അധ്യക്ഷനായി. സി.എം.ഐ കോർപറേറ്റ് മാനേജർ ഫാ. ബിജു വെട്ടുകല്ലേൽ മുഖ്യപ്രഭാഷണം നടത്തി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനു ജോസ് കായികതാരങ്ങളെയും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, കായികാധ്യാപകൻ ടിബിൻ ജോസഫിനെയും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.