കട്ടപ്പന: വാഴവര അർബൻ പി.എച്ച്.സി കെട്ടിട നിർമാണത്തിന് നഗരസഭ അനുവദിച്ച 25 ലക്ഷം രൂപ കേന്ദ്ര സർക്കാർ നൽകിയ ഹെൽത്ത് ഗ്രാന്‍റ്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് ആശുപത്രിക്ക് തുക വകയിരുത്തിയെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ അടക്കമാണ് പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്. നഗര മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വിപുലപ്പെടുത്താൻ കേന്ദ്ര വിഹിതമായി ലഭിച്ച ധനകാര്യ ഹെൽത്ത് ഗ്രാന്റിൽനിന്ന് ലഭിച്ച പണമാണ് ഭരണകക്ഷി തനത് ഫണ്ടാണെന്ന പേരിൽ തെറ്റിദ്ധരിപ്പിക്കുന്നത് എന്നാണ് ആക്ഷേപം.പണം അനുവദിച്ച ഭരണസമിതിക്ക് അനുമോദനമറിയിച്ച് വാഴവര മേഖലയിൽ യു.ഡി.എഫ് പ്രാദേശിക കമ്മിറ്റികൾ ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചു.
ഇതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്. നഗരസഭ അധ്യക്ഷ ഷൈനി സണ്ണി, വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എലിയാമ്മ കുര്യാക്കോസ്, ജെസി ബെന്നി എന്നിവരുടെ ചിത്രങ്ങളാണ് ബോർഡിലുള്ളത്.
വിഹിതമായി ലഭിച്ച തുക മറച്ചുവെച്ച് ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന രീതിയിലാണ് ഭരണകക്ഷി പ്രവർത്തിക്കുന്നതെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. ഫ്ലക്സ് ബോർഡുകൾ പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.