കട്ടപ്പന: ലോക്ഡൗണിൽ ജില്ലയിൽ വ്യാജവാറ്റും വിൽപനയും വർധിച്ചു. ഈ വർഷം ആറു മാസത്തിനിടെ പിടികൂടിയത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം കേസുകൾ. എന്നാൽ, പിടികൂടിയ കേസുകളിൽ പലതിലും നിസ്സാരവകുപ്പുകൾ ചുമത്തി കേസ് എടുത്തതിനാൽ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമാണ്. പലപ്പോഴും പരിശോധന വിവരം ചോർന്നതും പ്രതികൾക്ക് സഹായകമായി.
ബിവറേജ് കോർപറേഷെൻറ മദ്യശാലകൾ അടച്ചിട്ടതാണ് വ്യാജവാറ്റ് വർധിക്കാനിടയാക്കിയത്. എക്സൈസ് വകുപ്പിെൻറ കണക്കനുസരിച്ച് നെടുങ്കണ്ടം സർക്കിൾ പരിധിയിൽ 2020ൽ 111 അബ്കാരി കേസുകളും 17 മയക്കുമരുന്ന് കേസുകളുമാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2021ൽ ഇതുവരെ 95 അബ്കാരി കേസുകളും 21 മയക്കുമരുന്ന് കേസുകളും എടുത്തു. തങ്കമണി ഓഫിസ് പരിധിയിൽ 2020ൽ 122 അബ്കാരി കേസുകളും അഞ്ച് മയക്കുമരുന്ന് കേസുകളും റിപ്പോർട്ട് ചെയ്തപ്പോൾ 2021ൽ ഇതുവരെ 66 അബ്കാരി കേസുകളും ആറു മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കട്ടപ്പന എക്സൈസ് ഓഫിസ് പരിധിയിൽ 2020ൽ 62 കേസുകളും ആറു മയക്കുമരുന്ന് കേസുകളും പിടികൂടിയപ്പോൾ 2021ൽ ഇതുവരെ 48 അബ്കാരി കേസുകളും 12 മയക്കുമരുന്ന് കേസുകളും എടുത്തു.
ഹൈറേഞ്ച് മേഖലയിൽ വ്യാജവാറ്റും വിൽപനയും വർധിച്ചത് എക്സൈസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വർധിക്കാനും ഇടയാക്കി. ചെല്ലാർകോവിലിൽ വ്യാജവാറ്റുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ മുതിർന്ന സംഭവവും ഉണ്ടായി.പരിശോധന വിവരം ചോർത്തി നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ പുതിയ എക്സൈസ് ഡെപ്യൂട്ടി കമീഷണർ കർശന നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.
475 ലിറ്റർ കോട പിടികൂടി
കട്ടപ്പന: എക്സൈസ് ഇൻറലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നടന്ന പരിശോധനയിൽ അഞ്ചുരുളി വനത്തിൽനിന്ന് 475 ലിറ്റർ കോടയും അരലിറ്റർ ചാരായവും പിടികൂടി നശിപ്പിച്ചു. ആർക്കെതിരെയും കേസെടുത്തിട്ടില്ല.
അസി. ഇൻസ്പെക്ടർ എ. കുഞ്ഞുമോൻ, പ്രിവൻറിവ് ഓഫിസർമാരായ ശശികുമാർ, സാബുലാൽ, ഷിജു ദാമോദരൻ, സിവിൽ ഓഫിസർമാരായ വിജയകുമാർ, അനൂപ്, സനൽ സാഗർ എന്നിവർ നേതൃതം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.