ഉപ്പുതറ കാക്കത്തോട്ടിൽ കാട്ടാന കൃഷി നശിപ്പിക്കുന്നു
കട്ടപ്പന: ഹാങ്ങിങ് ഫെൻസിങ് പ്രവർത്തനരഹിതമായതോടെ ഉപ്പുതറ കാക്കത്തോട്ടിൽ കാട്ടാനകൂട്ടം ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായി. കഴിഞ്ഞ രാത്രി മണ്ണൻചേരിൽ ജോണി ജോസഫ്, എം.ഒ. ഇമ്മാനുവേൽ എന്നിവരുടെ പുരയിടങ്ങളിലെ വാഴ, തെങ്ങ്, കമുക്, കുരുമുളക്, കപ്പ തുടങ്ങിയ വിളകൾ കാട്ടാനകൾ നശിപ്പിച്ചു.
രണ്ടാഴ്ച മാറി നിന്ന കാട്ടാനകളാണ് വീണ്ടും കൃഷിയിടത്തിൽ ഇറങ്ങിയത്. കാട്ടാന ഇറങ്ങിയതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. ജോണിയുടെ വീട്ടുമുറ്റംവരെ ആന എത്തി. നായ്ക്കളുടെ കുര കേട്ടുണർന്ന ജോണി പടക്കംപൊട്ടിച്ചാണ് ആനയെ തുരത്തിയത്.
തുടർച്ചയായി കാട്ടാനകൾ പുരയിടത്തിലിറങ്ങി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ പ്രതിഷേധിച്ച നാട്ടുകാരുടെ പരാതികൾക്കൊടുവിൽ രണ്ടാഴ്ച മുമ്പാണ് ഹാങ്ങിങ് ഫെൻസിങ് പ്രവർത്തിപ്പിച്ചുതുടങ്ങിയത്. ഏതാനും ദിവസം മുമ്പ് പ്രദേശവാസിയായ കർഷകൻ ഹാങ്ങിങ് വേലി കൂട്ടിക്കെട്ടി പ്രവർത്തനരഹിതമാക്കിയിരുന്നു.
ഇതോടെയാണ് വീണ്ടും കാട്ടാന ജനവാസ മേഖലയിൽ എത്താൻ തുടങ്ങിയത്. അടിയന്തരമായി ഫെൻസിങ് തകരാർ പരിഹരിച്ചു പ്രവർത്തനക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.