കട്ടപ്പന: ചെയര്‍പേഴ്‌സൻ തെരഞ്ഞെടുപ്പിന് പിന്നാലെ കട്ടപ്പന നഗരസഭയിലെ യു.ഡി.എഫില്‍ വീണ്ടും പൊട്ടിത്തെറി. ചെയർപേഴ്സൻ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ്, കേരള കോൺഗ്രസ് കക്ഷികൾ തമ്മിലെ പടല പ്പിണക്കവും മുന്നണി ധാരണയില്ലാതെ അപ്രതീക്ഷിതമായി കേരള കോൺഗ്രസിന്റെ സ്ഥിരം സമിതി അധ്യക്ഷനെക്കൊണ്ട് സ്ഥാനം രാജിവെപ്പിച്ചതുമാണ് പൊട്ടിത്തെറിക്ക് കാരണം.
കോണ്‍ഗ്രസിലെ മുന്‍ ധാരണപ്രകാരം ബീന ജോബി രാജിവെച്ച ഒഴിവിലേക്ക് തിങ്കളാഴ്ച ഷൈനി സണ്ണിയെ ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ കേരള കോണ്‍ഗ്രസ് അംഗവും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ ജൂലി റോയി അപ്രതീക്ഷിതമായി സ്ഥാനം രാജിവെക്കുകയായിരുന്നു. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.
നഗരസഭയില്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസ് അല്ലാതെ സീറ്റുള്ള ഏകഘടകകക്ഷി കേരള കോണ്‍ഗ്രസാണ്. ചെയർപേഴ്സൻ സ്ഥാനം കോണ്‍ഗ്രസ് എ, ഐ വിഭാഗങ്ങള്‍ വീതിച്ചെടുക്കുന്നതില്‍ കേരള കോൺഗ്രസിന് അമര്‍ഷമുണ്ട്. തങ്ങള്‍ക്ക് ഒരു ടേം എങ്കിലും ചെയര്‍പേഴ്‌സൻ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവർ കെ.പി.സി.സി നേതൃത്വത്തെയും പ്രതിപക്ഷ നേതാവിനെയും സമീപിക്കുകയും ചെയ്തിരുന്നു.
മേല്‍ഘടകത്തില്‍നിന്ന് കേരള കോൺഗ്രസിന് ചെയര്‍പേഴ്‌സൻ സ്ഥാനം നല്‍കണമെന്ന നിര്‍ദേശം വന്നാല്‍ തടയിടാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു പൊടുന്നനെയുള്ള സ്ഥിരം സമിതി അധ്യക്ഷന്‍റെ സ്ഥാനമെന്നാണ് ആക്ഷേപം ഉയരുന്നത്. ജോസഫ് വിഭാഗത്തിലെ തന്നെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായ ജാന്‍സി ബേബിയെ പുറത്താക്കി നിലവില്‍ രാജിവെച്ച ജൂലി റോയിയെ ഈ സ്ഥാനത്തെത്തിക്കാനും ചെയര്‍പേഴ്‌സൻ സ്ഥാനം ഒഴിഞ്ഞ ബീന ജോബിയെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയാക്കാനുമാണ് നീക്കമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.