കട്ടപ്പന: ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രി വര്ക്കിെൻറ മറവില്‍ സംസ്ഥാനത്ത് വൻ തട്ടിപ്പ് നടന്നതായി പരാതി. കൊല്ലം കേന്ദ്രമായ സ്ഥാപനം സംസ്ഥാനത്ത് പല സ്ഥലത്തും ഏജൻസികൾ നൽകി അവരിലൂടെയാണ് വ്യാപകമായി തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ കൊല്ലം സ്വദേശികളുടെ മേൽനോട്ടത്തിൽ കട്ടപ്പനയിൽ ആരംഭിച്ച സ്വകാര്യ ഏജൻസി കട്ടപ്പനയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു.
കട്ടപ്പന ഇടുക്കിക്കവലയില്‍ പ്രവർത്തിച്ചിരുന്ന ഡേറ്റാ സൊലൂഷ്യന്‍സ് എന്ന സ്ഥാപനത്തിെൻറ പേരിലാണ് കട്ടപ്പനയിൽ തട്ടിപ്പ് നടന്നത്. പരാതി ഉയർന്നതോടെ കട്ടപ്പനയിലെ സ്ഥാപനം പൂട്ടി. ഇവിടെ ഡാറ്റാ എൻട്രി വർക്ക് ചെയ്തിരുന്നവർക്ക് ഡിപ്പോസിറ്റ് ഇനത്തിലും പ്രതിഫലമായും ലക്ഷങ്ങൾ ലഭിക്കാനുണ്ട്.
തുടർന്ന് സ്ഥാപന ഉടമ ഡാറ്റാ എൻട്രി വർക്ക് ഏൽപിച്ചിരുന്ന കൊല്ലത്തെ ഒരു സ്ഥാപനത്തിനെതിരെ കട്ടപ്പന കോടതിയിൽ പരാതി നൽകി. ഈ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. കട്ടപ്പനയിലെ സ്ഥാപനത്തിന് ഡിപ്പോസിറ്റ് ഇനത്തിൽ 17 ലക്ഷവും ഡാറ്റാ എൻട്രി വർക്ക് പ്രതിഫലയിനത്തിൽ 70 ലക്ഷത്തിലധികവും നൽകാനുണ്ടെന്നാണ് പറയുന്നത്.
കൊല്ലത്തെ ഡാറ്റാ എൻട്രി സ്ഥാപനം ഒരു വർക്ക് തന്നെ സംസ്ഥാനത്തെ പല സ്ഥാപനങ്ങൾക്കും കൈമാറി ഡിപ്പോസിറ്റ് ഇനത്തിലും പ്രതിഫലമിനത്തിലും ലക്ഷങ്ങൾ തട്ടിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് സംഘം ആളുകളെ തട്ടിപ്പിനിരയാക്കുന്നത്. ഡാറ്റാ എൻട്രി ജോലി ചെയ്താൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്യും.
ജോലിനൽകുന്നതിന് മുമ്പ് ഡിപ്പോസിറ്റ് ഇനത്തിൽ ഉദ്യോഗാർഥികളിൽനിന്ന് പണം വാങ്ങും. ആദ്യശമ്പളം കൃത്യമായി നൽകി ഇടപാടുകാർക്കിടയിൽ വിശ്വാസ്യത ഉറപ്പാക്കും. തുടർന്ന് വലിയ തുക ഡിപ്പോസിറ്റ് കൈപ്പറ്റി വീണ്ടും ജോലിചെയ്യാൻ നിർബന്ധിക്കും. ഇത്തരത്തിൽ വലിയ തുക നൽകി ജോലി ചെയ്തവർക്കാണ് പണം നഷ്ടമായത്.
2020 ആഗസ്റ്റിലാണ് കട്ടപ്പന ഇടുക്കി കവലയിൽ കൊല്ലം സ്വദേശികൾ ഏജൻസി തുടങ്ങിയത്. നടത്തിപ്പ് കട്ടപ്പന സ്വദേശിയായ യുവതിയെ ഏൽപിച്ചു. പിന്നീട് പണവുമായി നടത്തിപ്പുകാർ മുങ്ങിയതോടെ പണം നഷ്ടപ്പെട്ടവരുടെ ബാധ്യത തീർക്കേണ്ട ചുമതല യുവതിക്കായി. യുവതി നൽകിയ കേസിൽ പ്രതികൾക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കട്ടപ്പനയിൽ 120ലേറെ പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.