കട്ടപ്പന: സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു. കിണർ/കുളം നിർമാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി, കാപ്പി ഗോഡൗൺ നിർമ്മാണം, കാപ്പിക്കളം നിർമ്മാണം, യന്ത്രവത്കൃത ഡ്രയറുകൾ സ്ഥാപിക്കൽ, പൾപ്പിംഗ് യുണിറ്റ് സ്ഥാപിക്കൽ എന്നിവക്കാണ് ധനസഹായം അനുവദിക്കുന്നത്.
കാപ്പി തോട്ടങ്ങളുടെ യന്ത്രവത്കരണത്തിനും ഇക്കോപൾപ്പർ സ്ഥാപിക്കുന്നതിനും കാപ്പികർഷകർക്ക് പാരിസ്ഥിതിക സാക്ഷ്യപത്രം (എക്കോസർട്ടിഫിക്കറ്റ്) ലഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിയും നിലവിൽ വന്നിട്ടുണ്ട്. പരമാവധി 40 ശതമാനമാണ് പൊതുവിഭാഗത്തിന് ലഭ്യമാകുന്ന സബ്സിഡി. പട്ടികജാതി പട്ടിക വർഗത്തിൽ പെട്ടവർക്ക് 75-90 ശതമാനം നിരക്കിൽ സബ്സിഡി ലഭിക്കും.
ധനസഹായത്തിനു അപേക്ഷിക്കുന്ന പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് ഒരു ഏക്കർ കാപ്പിതോട്ടവും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് അര ഏക്കർ കാപ്പിതോട്ടവും ഉണ്ടായിരിക്കേണ്ടതാണ്. വ്യക്തികൾക്ക് പുറമേ ചുരുങ്ങിയത് 100 കാപ്പി കർഷകരെങ്കിലും അംഗങ്ങളായുള്ള ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും ധനസഹായം ലഭിക്കുന്നതാണ്. കമ്പനി നിയമപ്രകാരമോ സഹകരണ നിയമപ്രകാരമോ രജിസ്റ്റർ ചെയ്ത കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവർത്തനത്തിലുള്ള ഓർഗനൈസേഷനുകൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
ധനസഹായത്തിന് അപേക്ഷിക്കുന്നവർ പ്രവൃത്തി തുടങ്ങുന്നതിനുമുമ്പ് കോഫി ബോർഡിന്റെ ലൈസൺ ഓഫിസുകളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ 28-11-2025 -നകം ‘ഇന്ത്യ കോഫി ആപ്പ്’ (മൊബൈൽ ആപ്പ്) / കോഫി ബോർഡ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കോഫീ ബോർഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക് അടുത്തുള്ള കോഫി ബോർഡ് ഓഫിസുമായി ബന്ധപ്പെടുക:
വാഴവര : 04868 278025, 94955 61600, വണ്ടിപ്പെരിയാർ : 8547315205, അടിമാലി : 82770 66286.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.