നെൽവിത്ത് ഉൽപാദനത്തിൽ നേട്ടം കൊയ്ത് കരിമണ്ണൂർ ഫാം

കരിമണ്ണൂർ: കരിമണ്ണൂരിലെ സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ ഉമ നെല്‍വിത്ത് വിതരണത്തിന് തയാറായി. മുണ്ടകന്‍ കൃഷിയുടെ വിളവെടുപ്പാണ് ഇപ്പോള്‍ നടത്തിയത്. ഇതോടനുബന്ധിച്ച് ഫാമിന്റെ ഉടമസ്ഥതയിലുള്ള പാടത്ത് വിരിപ്പ് നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടന്നു. ഉമ ഇനത്തിൽപെട്ട നെല്‍വിത്താണ് ഉല്‍പാദിപ്പിക്കുന്നത്. പൂർണമായും വിത്തിന് വേണ്ടിയാണ് കരിമണ്ണൂര്‍ ഫാമിലെ നെല്‍കൃഷി. രണ്ട് സീസണിലായി 20 ടൺ വിത്താണ് ഇവിടെ ഉൽപാദിപ്പിച്ച് സംസ്ഥാനത്താകെ വിതരണം ചെയ്യുന്നത്.

ഫാമിന് കീഴിലെ 4.34 ഹെക്ടര്‍ പാടമാണ് നെല്‍കൃഷിക്ക് ഉപയോഗിക്കുന്നത്. എട്ട് സ്ഥിരം ജോലിക്കാരും ആറ് താല്‍ക്കാലികക്കാരും ഉള്‍പ്പെടെ 14 തൊഴിലാളികള്‍ ഫാമിലുണ്ട്. വിരിപ്പുകൃഷി ജൂണിലും മുണ്ടകന്‍ കൃഷി ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും തുടങ്ങും. വിത്ത് വിതച്ച് നാലുമാസംകൊണ്ട് വിളവെടുപ്പ് പൂര്‍ത്തിയാകും. ജൈവവളത്തിനാണ് മുന്‍ഗണനയെങ്കിലും അത്യാവശ്യഘട്ടത്തില്‍ ചെറിയ തോതില്‍ രാസവളങ്ങളും ഉപയോഗിക്കും. കൊയ്‌തെടുക്കുന്ന നെല്ല് കിലോക്ക് 40 രൂപ നിരക്കിൽ സംസ്ഥാന വിത്ത് വിതരണ ഏജന്‍സിയായ തൃശൂര്‍ കെ.എസ്.എസ്.ഡി.എയാണ് സംഭരിക്കുന്നത്.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഉഷകുമാരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പ്രഫ. എം.ജെ. ജേക്കബ്, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റെജി ജോണ്‍സണ്‍, ഫാം കൗണ്‍സില്‍ അംഗങ്ങളായ പി.പി. ജോയി, കെ.ജെ. തോമസ്, കെ.കെ. രാജന്‍, ഫാം സൂപ്രണ്ട് കെ. സുലേഖ, അഗ്രികള്‍ചറല്‍ അസിസ്റ്റന്‍റ് കെ.ബി. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Karimannur Farms achievement in paddy seed production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.