കുമളി ടൗണിലൂടെ ഗതാഗതം തടഞ്ഞ് പൊലീസ് വാഹനം ദേശീയപാതക്ക് കുറുകെ ഇട്ടിരിക്കുന്നു
കുമളി: കനത്ത മഴയെത്തുടർന്ന് കുമളി ടൗണിൽ മിക്ക സ്ഥലത്തും വെള്ളം കയറി. സെൻട്രൽ ജങ്ഷനിൽ വെള്ളം ഉയർന്നതോടെ ഗതാഗതം താൽക്കാലികമായി പൊലീസ് നിർത്തിവെപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ആരംഭിച്ച മഴ രണ്ടുമണിക്കൂർ പിന്നിട്ടതോടെയാണ് ടൗണിൽ വെള്ളക്കെട്ട് ഉണ്ടായത്. വെള്ളം പൊങ്ങിയതോടെ ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത് ഏറെ പ്രയാസത്തിലായി. വാഹനങ്ങൾ കടന്നു പോകുന്നതിനിടെ വെള്ളം കടകളിലേക്ക് കയറിയതോടെയാണ് ഗതാഗതം താൽക്കാലികമായി തടഞ്ഞത്. വാഹനം റോഡിന് കുറുകെയിട്ട് കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മൂന്നാർ റോഡിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. മഴ രാത്രിയും തുടർന്നു. തേക്കടി ബൈപാസ്, റോസാപ്പൂക്കണ്ടം എന്നിവിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. മഴക്ക് മുമ്പ് ഓടകളും കലുങ്കും വൃത്തിയാക്കാത്തതും ഓടകളിൽ മാലിന്യം തള്ളുന്നവവർക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതുമാണ് പ്രശ്നത്തിന് കാരണം. ഓടകൾ കൈയേറി കെട്ടിടങ്ങൾ നിർമിച്ചതും ഓടക്ക് മുകളിലൂടെ നടപ്പാത നിർമിച്ചതും പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്.
ഇതിനിടെ, മഴയെത്തുടർന്ന് ദേശീയ പാതയിൽ സ്പ്രിങ്വാലിക്ക് സമീപവും കുമളി-വെള്ളാരംകുന്ന് റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.