കൊല്ലപ്പെട്ട റോയി
അടിമാലി:മദ്യപാന പാര്‍ട്ടിക്കിടെ തര്‍ക്കം മധ്യവയസ്‌ക്കനെ തലക്കടിച്ച് കൊലപ്പെടുത്തി.ഒരാള്‍ പിടിയില്‍. മാങ്കുളം കുവൈറ്റ് സിറ്റിയിലാണ് സംഭവം. കുവൈറ്റ് സിറ്റി വരിക്കയില്‍ റോയി(55)ആണ് കൊല്ലപ്പെട്ടത്.ഓട്ടോ ഡ്രൈവറും പലചരക്ക് വ്യാപാരിയുമായ കണ്ടത്തില്‍ ബിബിനെയാണ് മൂന്നാര്‍ പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ട് 4.30 ന് ഇവരുള്‍പ്പെടെ അഞ്ചംഗ സംഘം മദ്യപാന പാര്‍ട്ടി നടത്തി. ഇതിനിടയില്‍ റോയിയും ബിബിനും തമ്മില്‍ തര്‍ക്കമായി.തര്‍ക്കം അടിപിയില്‍ കലാശിച്ചു .നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പറഞ്ഞവസാനിപ്പിച്ചു. ഇതിനിടയില്‍ ബിബിന്റെ ഫോണ്‍ നഷ്ടമായി.ഇത് കണ്ടെത്താന്‍ ഇരുവരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് ഓട്ടോയില്‍ കയറി ഇരുവരും ആനകുളം ഭാഗത്തേക്ക് പോയി. പിന്നീട് 9 മണിയോടെ അംഗന്‍വാടിയോട് ചേര്‍ന്ന് റോഡില്‍ റോയി മരിച്ച് കിടക്കുന്നത് നാട്ടുകാര്‍ കണ്ടു. വിവരം പൊലീസില്‍ അറിയിച്ചു.പൊലീസ് എത്തിയാണ് മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
മുഖത്തിനും തലക്ക് പിറകിലും മാരകമായി മുറിവേറ്റിരുന്നു.ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുളള അടിയില്‍ ഉണ്ടായ മുറിവാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.തുടര്‍ന്ന് വനത്തിലോളിച്ച ബിബിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വെളളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പൊലീസ് പിടികൂടിയത്. മദ്യവും കഞ്ചാവ് വില്‍പ്പനയുടെയും കേന്ദ്രമാണ് പ്രദേശം.ഈ വര്‍ഷം നിരവധി ആക്രമണങ്ങൾ ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. മൃതദേഹം ഓട്ടോയിലെത്തിച്ച് ഇവിടെ ഇട്ടതാണെന്നും കൊലനടന്നത് മറ്റെവിടെയെങ്കിലും വെച്ചാകമെന്ന് പൊലീസ് സംശയിക്കുന്നു.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും പൊലീസ് സംശയിക്കുന്നു. ഒരുമിച്ചിരുന്ന് മദ്യപിച്ച ഹോട്ടല്‍ തൊഴിലാളിയെ അടുത്തിടെ യുവാവ് ചവിട്ടികൊലപ്പെടുത്തിയതും ഇവിടെയാണ്. മാങ്കുളം പഞ്ചായത്തില്‍ ജനസാന്ദ്രത കൂടുതലുളള പ്രദേശമാണ് ഇവിടം. കര്‍ഷകനാണ് മരിച്ച റോയി. ഭാര്യ മോളി,മക്കള്‍ സോബിന്‍,റോബിറ്റ.മൂന്നാര്‍ ഡിവൈ.എസ്.പി.മനോജ്,സി.ഐ കെ.പി.മനേഷ്,എസ്.ഐ എം.പി.സാഗര്‍ എന്നിവരാണ് അന്വേഷണത്തിന് നേത്യത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.