ജില്ലയിൽ നാലു ദിവസത്തിനിടെ 467 ബി.പി.എൽ കാർഡുകൾ തിരിച്ചേൽപിച്ചു

അടിമാലി: മുൻഗണന റേഷന് അർഹതയുള്ള കുടുംബങ്ങൾ ബി.പി.എൽ വിഭാഗത്തിന് പുറത്തും അർഹതയില്ലാത്തവർ ബി.പി.എല്ലി​ലും തുടരുന്ന സാഹചര്യത്തിൽ ഇത്തരക്കാർക്കെതിരെ നടപടി കടുപ്പിക്കുന്നു. ജൂ​െലെ ഒന്ന്​ മുതൽ ശക്തമായ നടപടി സ്വീകരിക്കാൻ വകുപ്പ് മന്ത്രി ജില്ല സപ്ലൈസ് ഓഫിസർമാർക്ക്​ നിർദേശം നൽകി. ഈ മാസം 30വരെ സ്വമേധയാ കാർഡുകൾ മാറ്റുന്നതിന് കാർഡ് ഉടമകൾക്ക് അവസരമുണ്ട്. തെറ്റായ വിവരങ്ങൾ നൽകി സബ്​സിഡി നിരക്കിൽ പലരും സൗജന്യവുമായി റേഷൻ സാധനങ്ങൾ കൈപ്പറ്റുന്നതായി വിവരങ്ങളുണ്ട്​. സർക്കാർ ജീവനക്കാരും പ്രവാസി കുടുംബങ്ങളും നാലുചക്ര വാഹനം ഉള്ളവരും ഇത്തരത്തിൽ മുൻഗണന വിഭാഗത്തിൽ കടന്നുകൂടിയിട്ടുണ്ട്. അനർഹമായി മുൻഗണന പട്ടികയിൽ തുടരുന്ന കാർഡ്​ ഉടമകളെ നോൺ സബ്​സിഡി വിഭാഗത്തിലേക്ക് (പൊതുവിഭാഗം) മാറ്റാൻ നിർദേശം ഉണ്ടെങ്കിലും ആരും മുന്നോട്ടു വരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ജൂൺ 22 മുതൽ 25വരെ 467 കാർഡുകൾ ഉടമകൾ തിരിച്ച് ഏൽപിച്ച് വെള്ള കാർഡിലേക്ക് മാറി. ഏറ്റവും കൂടുതൽ പേർ മാറിയത് ദേവികുളം, തൊടുപുഴ താലൂക്കിലാണ്. രണ്ടുദിവസം കൂടി ശേഷിക്കെ കൂടുതൽ പേർ ബി.പി.എൽ കാർഡുകൾ മാറ്റുമെന്നാണ്​ കരുതുന്നതെന്ന്​ അധികൃതർ പറഞ്ഞു. ദേവികുളം താലൂക്ക് പരിധിയിൽ രണ്ടായിരത്തിലേറെ പേർ അനധികൃതമായി മുൻഗണന കാർഡ് കൈവശം ​െവച്ചിട്ടുണ്ടെന്നാണ് സൂചന. താലൂക്കിലെ 138 റേഷൻ കടകളിൽ ഭൂരിഭാഗം കടകളിലും അനർഹരായവർ മുൻഗണന റേഷൻ വാങ്ങുന്നുണ്ട്. അനർഹരായവരെ ഒഴിവാക്കാൻ താലൂക്ക് സപ്ലൈ ഓഫിസർ റേഷൻ കടകൾക്കു നിർദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല. റേഷൻ കടകൾക്കുള്ള വിഹിതം കുറയുന്നതു കാരണം അനർഹരായവരെ പലരും വെട്ടിമാറ്റാൻ റേഷൻ കടകളും നിർദേശിച്ചില്ല. സൗജന്യമായും സബ്​സിഡി നിരക്കിലും വാങ്ങുന്ന അരി അനർഹരായവർ മറിച്ചു വിൽക്കുന്ന പ്രവണതയും ഏറിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു റേഷൻ കട സസ്പെൻഡ്​​ ചെയ്​തതായി ദേവികുളം താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. വ്യാജ സത്യവാങ്മൂലം നൽകി അനർഹരായവർ റേഷൻ ആനുകൂല്യം വാങ്ങിയാൽ താലൂക്ക് സപ്ലൈ അധികൃതർക്കു കേസെടുക്കാം. രണ്ടു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർ അനർഹമായി ബി.പി.എൽ കാർഡ് നിലനിർത്തുകയും റേഷൻ സാധനങ്ങൾ വാങ്ങുകയും ചെയ്​തതിനുശേഷം പിടിക്കപ്പെട്ടാൽ 'കാർഡ് ഏതാണെന്ന് അറിഞ്ഞിരുന്നില്ല' എന്ന മറുപടിയാണ് പറയാറ്. എന്നാൽ, ഇതു നടപടിയെടുക്കുന്നതിന്​ തടസ്സമാകില്ലെന്ന്​​ താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.