വിനോദസഞ്ചാരത്തിന്​ കുതിപ്പേകാൻ ജില്ലയിൽ വിപുല പദ്ധതികൾ

എക്കോ ലോഡ്ജ് ഉദ്ഘാടന സജ്ജം തൊടുപുഴ: സംസ്ഥാനത്ത് വിനോദസഞ്ചാര സാധ്യതകൾ ഏറെയുള്ള ജില്ലകളിൽ ഒന്നായ ഇടുക്കിയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ പൂർത്തിയായത്​ വ്യത്യസ്ത പദ്ധതികൾ. ജില്ലയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് സഞ്ചാരികളെ കൂടുതലായി ആകർഷിക്കാനുതകുന്ന പദ്ധതികളാണ്​ ആവിഷ്കരിച്ചത്​. പ്രകൃതിസൗഹൃദ മാതൃകയിലുള്ള എക്കോ ലോഡ്ജ് നിലവില്‍ ഉദ്ഘാടന സജ്ജമായ പദ്ധതികളിൽ ഒന്നാണ്. 1.46 കോടി വകയിരുത്തിയാണ് നിർമാണം. 12 ഡബിള്‍ ബെഡ് കോട്ടേജുകള്‍, പാര്‍ക്കിങ് എന്നിവ പദ്ധതിയുടെ പ്രത്യേകതകളാണ്. പാഞ്ചാലിമേട് ടൂറിസം പദ്ധതി, രാമക്കൽമേട് വിനേദസഞ്ചാര കേന്ദ്രവികസനം, അരുവിക്കുഴി ടൂറിസം വികസനം, ശ്രീനാരായണപുരം പദ്ധതി, വാഗമൺ മൊട്ടക്കുന്ന്​ നവീകരണം, ചെമ്പന്‍ കൊലുമ്പന്‍ സമാധി നീവകരണ പദ്ധതി, ഇടുക്കി പാര്‍ക്ക്, ഹിൽവ്യൂ പാർക്ക്​ എന്നിവയുടെ അറ്റകുറ്റപ്പണിയും ആധുനിക വത്​കരണവും ഏലപ്പാറ അമിനിറ്റി സെന്‍റർ വികസനം, മൂന്നാർ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയവയൊക്കെ ഈ സര്‍ക്കാറിന്‍റെ കാലയളവില്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത പദ്ധതികളാണ്. കൂടാതെ മൂന്നാർ മുതിരപ്പുഴയിലെ കുട്ടികളുടെ പാർക്കിന്‍റെ സൗന്ദര്യവത്​കരണം, ജാലകം ഇക്കോ പാര്‍ക്ക് എന്നിവയുടെ നിർമാണവും പൂർത്തിയാക്കി. ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും സമ്പന്നമായ ഇടുക്കിയിൽ കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്​ സന്ദർശകരെ ആകർഷിക്കാനുള്ള പദ്ധതികളുമായാണ്​ ജില്ല ടൂറിസം വകുപ്പ് മുമ്പോട്ടുപോകുന്നത്. യൂത്ത്‌ വോളിബാള്‍ ചാമ്പ്യന്‍ഷിപ് 24 മുതല്‍ തൊടുപുഴ: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിൽ ആഭിമുഖ്യത്തില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാന യൂത്ത് വോളിബാള്‍ ചാമ്പ്യന്‍ഷിപ് മേയ് 24 മുതല്‍ 31 വരെ തൊടുപുഴ ഗാന്ധി സ്‌ക്വയറിന് സമീപത്തെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. പുരുഷ/വനിത വിഭാഗങ്ങളിലായി 400ലധികം താരങ്ങൾ പങ്കെടുക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയ് 24ന് വിളംബര റാലിയോടെയാണ് തുടക്കം. ദേശീയ യൂത്ത് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള പുരുഷ, വനിതവിഭാഗം കേരള ടീമുകളെ ഈ മത്സരത്തില്‍നിന്ന്​ തെരഞ്ഞെടുക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യരക്ഷാധികാരിയും ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലയിലെ എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​, കലക്ടർ, സംസ്ഥാന-ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റുമാർ എന്നിവര്‍ രക്ഷാധികാരികളും തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ്​ ചെയർമാനുമായാണ്​ സംഘാടക സമിതി. തൊടുപുഴ മുനിസിപ്പല്‍ മൈതാനത്ത് പ്രത്യേകം തയാറാക്കുന്ന ഗാലറിയോടുകൂടിയ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് മത്സരങ്ങള്‍. ചാമ്പ്യന്‍ഷിപ്പിന്‍റെ ലോഗോ പി.ജെ. ജോസഫ് എം.എൽ.എ പ്രകാശനം ചെയ്തു. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ്​, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്​ റോമിയോ സെബാസ്റ്റ്യന്‍, സെക്രട്ടറി പി.കെ. കുര്യാക്കോസ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ രാജു തരണിയില്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.