ഇന്ന് ഓശാന; പള്ളികളിൽ തിരുക്കർമങ്ങളും കുരുത്തോല വിതരണവും

കട്ടപ്പന: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കും. യേശുക്രിസ്തുവിനെ കഴുതപ്പുറത്തേറ്റി ജറൂസലം നഗരവീഥിയിലൂടെ യഹൂദ ജനം ഓശാന പാടി എതിരേറ്റതിനെ അനുസ്മരിച്ചാണ് ക്രൈസ്തവർ ഓശാന ഞായർ ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങളും കുരുത്തോല വിതരണവും പ്രദക്ഷിണവും നടക്കും. ഈയാഴ്ച വിശുദ്ധ വാരമായാണ് ക്രൈസ്തവർ ആചരിക്കുന്നത്. യേശുവിന്‍റെ ഒടുവിലത്തെ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന പെസഹ ആചരണവും പീഡാസഹനവും കുരിശുമരണവും അനുസ്മരിപ്പിക്കുന്ന ദുഃഖവെള്ളിയും യേശുവിന്‍റെ ഉയർത്തെഴുന്നൽപ്പിനെ അനുസ്മരിക്കുന്ന ഈസ്റ്ററും അമ്പത് നോമ്പിന്‍റെ സമാപനവും ഈ വാരത്തിലാണ് ആഘോഷിക്കുന്നത്. കട്ടപ്പന സെന്‍റ്​ ജോർജ് ഫൊറോന ദേവാലയത്തിൽ ഞായറാഴ്ച രാവിലെ 7.15ന് നടക്കുന്ന ഓശാന ഞായർ തിരുക്കർമങ്ങൾക്ക് കാഞ്ഞിരപ്പള്ളി രൂപത മുൻ മെത്രാൻ മാർ മാത്യു അറക്കൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. സോബിൻ പരിന്തിരിക്കൽ, ഫൊറോന വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, അസിസ്റ്റന്‍റ്​ വികാരിമാരായ ഫാ. നോബിൾ പൊടിമറ്റത്തിൽ, ഫാ. ലിജോ പാത്തിക്കൽ, ഫാ. സുനിൽ ചെറുശ്ശേരി തുടങ്ങിയവർ സഹകാർമികത്വം വഹിക്കും. വെള്ളയാംകുടി സെന്‍റ്​ ജോർജ് ഫൊറോന ദേവാലയത്തിൽ രാവിലെ ആറിന്​ നടക്കുന്ന ഓശാന ഞായർ തിരുക്കർമങ്ങൾക്ക്​ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിക്കും. അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ ഓശാന ഞായർ മുതൽ വലിയ ബുധൻ വരെ ഫാ. ഡൊമിനിക് വളന്മനാൽ നയിക്കുന്ന പീഡാനുഭവ ധ്യാനം നടക്കും. വൈകീട്ട്​ നാലു മുതൽ രാത്രി 9.30 വരെ നടക്കുന്ന ധ്യാനത്തിൽ ബൈബിൾ പ്രഭാഷണവും ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും. ധ്യാനകേന്ദ്രത്തിൽ നേരിട്ട്​ വന്നും ഓൺലൈൻ ആയും വിശ്വാസികൾക്ക് ധ്യാനത്തിൽ പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.