വിവിധ വകുപ്പുകള്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ വിലയിരുത്തി തൊടുപുഴ: ദിവസങ്ങളായി മഴ പെയ്യുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പാലിക്കാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സൻകൂടിയായ കലക്ടര്‍ ഷീബ ജോര്‍ജ് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. അതോറിറ്റിയുടെ യോഗം വ്യാഴാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന് വിവിധ വകുപ്പുകള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി. കനത്ത കാറ്റില്‍ തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം മേഖലയിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ തൊടുപുഴ തഹസില്‍ദാര്‍ക്ക് കലക്ടര്‍ നിദേശം നല്‍കി. റോഡരികിലെ അപകടകരമായ മരങ്ങളും ചില്ലകളും നീക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും മറ്റു വകുപ്പുകളും ഉറപ്പുവരുത്തണം. കൂടാതെ, സ്വകാര്യവ്യക്തികളുടെ പറമ്പുകളില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങളുടെ നില പരിശോധിക്കണമെന്നും കലക്ടർ നിർദേശം നൽകി. ദേവികുളത്ത് മുന്‍കരുതല്‍ നടപടികൾ ദേവികുളം മേഖലയിലെ സ്ഥിതിഗതികളും മുന്‍കരുതല്‍ നടപടികളും സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ വിശദീകരിച്ചു. ഹാം റേഡിയോ, സാറ്റലൈറ്റ് ഫോണ്‍, വയര്‍ലെസ് ഉള്‍പ്പെടെ ആശയവിനിമയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്ന പഴയ കെട്ടിടങ്ങളുണ്ടെങ്കില്‍ അവ പൊളിച്ചുമാറ്റണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. സിക ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ മുന്നില്‍ക്കണ്ട് ജില്ലയില്‍ കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. പഞ്ചായത്തുകളിൽ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എല്ലാ പഞ്ചായത്തിലും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സ്വകാര്യവ്യക്തികളുടെ പറമ്പുകളിലെ അപകടമരങ്ങള്‍ സംബന്ധിച്ച് 487 പരാതി ലഭിച്ചിട്ടുണ്ട്. കടവുകള്‍, വെള്ളച്ചാലുകള്‍ ഉള്‍പ്പെടെ ഇടങ്ങളില്‍ അപകട സൂചനബോര്‍ഡുകള്‍ സ്ഥാപിക്കും. മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ ലിസ്റ്റ് പഞ്ചായത്തുകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളാക്കേണ്ട സ്‌കൂളുകളുടെ പട്ടിക തയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. അണക്കെട്ട് ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കി ജില്ലയിലെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ചെറുതോണി ഡാമിലേക്ക് എളുപ്പത്തില്‍ എത്താനുള്ള മെഡിക്കല്‍ കോളജ് റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാർ ഡാം തുറന്നാല്‍ പീരുമേട് താലൂക്കിലെ നാല് വില്ലേജിലായി 430 കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. ജീര്‍ണാവസ്ഥയിലായ എസ്റ്റേറ്റ് ലയങ്ങളിലുള്ളവരെ മഴ ഇനിയും ശക്തമായാല്‍ മാറ്റിപ്പാര്‍പ്പിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ടൂറിസം കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ കാറ്റും കനത്ത മഴയും ഉള്ള സാഹചര്യത്തില്‍ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാനായുള്ള പ്രചാരണം കൃഷി വകുപ്പ് നടത്തിവരുകയാണ്. ടൂറിസം കേന്ദ്രങ്ങളിലും ബോട്ടിങ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അംഗന്‍വാടികള്‍ക്ക് സമീപത്തെ അപകടകരമായ മരങ്ങള്‍ പഞ്ചായത്തുകളുമായി ചേര്‍ന്ന് മുറിച്ചുമാറ്റുന്നതിന് സി.ഡി.പി.ഒമാരെ ചുമതലപ്പെടുത്തി. ജില്ലയില്‍ 2700 കി.മീ. റോഡ് ആണുള്ളത്. ഈ റോഡുകളുടെ വശങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന 90 ശതമാനം മരങ്ങളും ചില്ലകളും മുറിച്ചുമാറ്റിയതായി പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.