ചപ്പാത്തിലെ കാപ്പിത്തോട്ടത്തിൽനിന്ന് ലക്ഷങ്ങളുടെ മരം മുറിച്ചുകടത്തി

കട്ടപ്പന: ചപ്പാത്തിലെ കാപ്പിത്തോട്ടത്തിൽനിന്ന് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടെ ലക്ഷക്കണക്കിന്​ രൂപ വിലമതിക്കുന്ന മരം മുറിച്ചുകടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയായിരുന്നു മരം കടത്തലെന്നും ആക്ഷേപം. അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍പെട്ട കെ-ചപ്പാത്തിന്​ സമീപം കാപ്പിത്തോട്ടത്തില്‍ നിന്നാണ് മരം കടത്തിയത്. സി.എച്ച്.ആര്‍ മേഖലയില്‍പെട്ട ഇവിടെ മരം മുറിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ആഞ്ഞിലി, പൂവം, കുമ്പിള്‍, തേക്ക്, ഈട്ടി, കാറ്റാടി തുടങ്ങിയ മരങ്ങളാണ് മുറിച്ചുകടത്തിയത്. മൂന്നുവര്‍ഷമായി തോട്ടത്തില്‍നിന്ന്​ മരം മുറിച്ചുകടത്തുകയാണ്​. ഇതിനകം നൂറുകണക്കിനു ലോഡ് മരം ഇവിടെനിന്ന്​ കടത്തിയതായാണ് വിവരം. വനം, റവന്യൂ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്തരത്തില്‍ വ്യാപകമായ മരംമുറി നടക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തോട്ടങ്ങളില്‍ മരം മുറിക്കണമെങ്കില്‍ വനം വകുപ്പ്, റവന്യൂ വകുപ്പ് എന്നിവരുടെ അനുമതിക്കൊപ്പം തഹസില്‍ദാറുടെ എന്‍.ഒ.സികൂടി വേണമെന്നാണ് ചട്ടം. അപകടാവസ്ഥയിലായ മരങ്ങളും മറ്റുമാണ് മുറിച്ചുമാറ്റാന്‍ കഴിയുന്നത്. അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി അനുമതി വാങ്ങിയശേഷം വ്യാപകമായി മരം മുറി നടത്തുകയാണ് പതിവ്. മുറിച്ചുമാറ്റുന്ന മരം വ്യാജപാസുകള്‍ ഉപയോഗിച്ച് ജില്ല അതിര്‍ത്തി കടത്താന്‍ ഇടനിലക്കാരുമുണ്ട്. ഇതുസംബന്ധിച്ച്​ വനം വകുപ്പിന് വിവരം ലഭിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.