ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ കുടിവെള്ളപ്രശ്‌നം പരിഹരിക്കും -മന്ത്രി റോഷി അഗസ്​റ്റിൻ

* 5198 കണക്​ഷനുകള്‍ക്ക്​ ഒമ്പതരക്കോടിയുടെ ഭരണാനുമതി ഇടുക്കി: ജലവിഭവ വകുപ്പിന് കീഴിലെ ജലജീവന്‍ മിഷന്‍, വാട്ടര്‍ അതോറിറ്റി, ഭൂജലം തുടങ്ങിയവയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ ഇടുക്കിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തുമെന്ന് വകുപ്പ് മന്ത്രി റോഷി അഗസ്​റ്റിൻ. ഇടുക്കി നിയോജകമണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും സംബന്ധിച്ച് ഓണ്‍ലൈന്‍ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി നിയോജകമണ്ഡലത്തില്‍ ആകെയുള്ള 51,315 വീടുകളില്‍ ജലജീവന്‍ മിഷന്‍ പദ്ധതി തുടങ്ങുമ്പോള്‍ 13,469 വീടുകളില്‍ മാത്രമാണ് ഗാര്‍ഹിക കണക്​ഷനുകള്‍ ഉണ്ടായിരുന്നത്. ശേഷിക്കുന്ന 37,846 വീടുകള്‍ക്ക് 2024 നോടുകൂടി കണക്​ഷനുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2020-21 വര്‍ഷത്തിലെ പദ്ധതികളുടെ അവലോകന പ്രകാരം 5198 കണക്​ഷനുകള്‍ നല്‍കുന്നതിനായി ഒമ്പതര​ക്കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കല്ല്യാണത്തണ്ട്​, കുളമാവ്​ പദ്ധതികൾ കാമാക്ഷി പഞ്ചായത്തിലെ കല്ല്യാണത്തണ്ട് പ്രദേശത്ത് പുതിയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി. ഇടുക്കി റിസർവോയറിലെ വെള്ളം പ്രയോജനപ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നതിലൂടെ കാമാക്ഷി, വാത്തിക്കുടി, മരിയാപുരം, കഞ്ഞിക്കുഴി ഭാഗീകമായും കുടിവെള്ളം എത്തിക്കാനാകും. ഇതോടൊപ്പം കൊന്നത്തടി പഞ്ചായത്തിനും ഉടുമ്പന്‍ചോല പഞ്ചായത്തിനുമായി നിലവിലെ പദ്ധതിയെ വിപുലീകരിച്ച് രണ്ട് പദ്ധതികളായി പ്രാവര്‍ത്തികമാക്കാൻ ആവശ്യമായ പഠനം നടത്തും. കുടയത്തൂര്‍ പഞ്ചായത്തിലെ കുടിവെള്ളം ആവശ്യമുള്ള മുഴുവന്‍ വീടുകളിലും കണക്​ഷന്‍ നല്‍കുന്നതിനായി മുട്ടം-കരിങ്കുന്നം പദ്ധതിയുടെ ശുദ്ധീകരണ ശാലയില്‍നിന്ന്​ വെള്ളം എത്തിക്കും. കുടയത്തൂരില്‍ നിലവിലെ വെള്ളത്തി​ൻെറ ഉറവിടം വിപുലീകരിച്ച് കൂടുതല്‍ വീടുകളില്‍ കൂടുതല്‍ ജലം എത്തിക്കുന്നതിന്​ സാധ്യത പരിശോധിക്കും. അറക്കുളം പഞ്ചായത്തില്‍ വീടുകള്‍ക്ക് കണക്​ഷന്‍ നല്‍കുന്നതിനായി കുളമാവ് ഉറവിടമായി പുതിയ പദ്ധതി ആവിഷ്‌കരിക്കാനും മന്ത്രി നിർദേശം നല്‍കി. ഉയർന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ പഠനം ജലവിഭവ വകുപ്പി​ൻെറ കണക്​ഷന്‍ ലഭ്യമാക്കാന്‍ സാധ്യമാകാത്ത ഉയര്‍ന്ന പ്രദേശങ്ങളില്‍ ഭൂജലവകുപ്പ് മുഖേന കുഴല്‍ക്കിണറുകള്‍ നിര്‍മിച്ച് കുടിവെള്ളമെത്തിക്കുന്നതിന്​ പഠനം നടത്തും. വാഴത്തോപ്പ് പഞ്ചായത്തിലെ നെല്ലിപ്പുഴ ഭാഗത്ത് പാതിവഴിയില്‍ നിലച്ച നെല്ലിപ്പുഴ കുടിവെള്ള പദ്ധതിയും ഇരട്ടയാര്‍ പഞ്ചായത്തിലെ എഴുകുംവയല്‍ കുടിവെള്ള പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തീയാക്കും. ഇതിലൂടെ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാനാകുമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, വാട്ടര്‍ അതോറിറ്റി മൂവാറ്റുപുഴ സര്‍ക്കിള്‍ സൂപ്രണ്ട് എൻജിനീയർ കെ.കെ. അനില്‍കുമാര്‍, എക്‌സി. എൻജിനീയർ ഇ.എന്‍. സുരേന്ദ്രന്‍, കമ്യൂണിറ്റി ഡെവലപ്‌മൻെറ്​ മാനേജര്‍ (ജലനിധി) ജോസ് ജയിംസ്, വാട്ടര്‍ അതോറിറ്റി ​േപ്രാജക്ട് ഡിവിഷന്‍ എക്‌സി. എൻജിനീയര്‍ ഇ.ജെ. ആൻറണി, ഭൂജലവകുപ്പ് ജില്ല ഓഫിസര്‍ ഡോ. ബി. വിനയന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.