വിസ കാലാവധി നീട്ടാനുള്ള അമേരിക്കൻ പൗരൻെറ ഹരജി ഹൈകോടതി തള്ളി കൊച്ചി: കോവിഡുകാലത്ത് അമേരിക്കെയക്കാൾ സുരക്ഷിതം ഇന്ത്യയിൽ തങ്ങുന്നതായതിനാൽ ആറ് മാസത്തേക്കുകൂടി വിസ നീട്ടണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പൗരൻ നൽകിയ ഹരജി ഹൈകോടതി തള്ളി. ടൂറിസ്റ്റ് വിസയിൽ കൊച്ചിയിലെത്തി ലോക്ഡൗൺമൂലം കേരളത്തിൽ കുടുങ്ങിയെന്നും നാട്ടിലേക്ക് തിരിച്ചുപോകാതെതന്നെ ടൂറിസ്റ്റ് വിസ ബിസിനസ് വിസയാക്കി മാറ്റാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ജോണി പോൾ പിയേഴ്സ് നൽകിയ ഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്. രാജ്യത്തിൻെറ പരമാധികാരവും സുരക്ഷയും മറ്റും കണക്കിലെടുത്ത് വിസ അനുവദിക്കാനും കാലാവധി നീട്ടാനുമുള്ള അധികാരം കേന്ദ്രസർക്കാറിനാണെന്നും കോടതിയുടെ ജുഡീഷ്യൽ റിവ്യൂവിനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തിയാണ് ആവശ്യം നിരസിച്ചത്. അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിക്കുന്നതുവരെ കേന്ദ്രസർക്കാറിൻെറ മാനദണ്ഡങ്ങൾക്ക് വിധേയമായി വിസ കാലാവധി നീട്ടിനൽകുന്നത് പരിഗണിക്കാൻ ഇമിഗ്രേഷൻ ബ്യൂറോക്ക് നിർദേശം നൽകിയിട്ടുണ്ട്. 2025 ജനുവരി 26വരെ കാലാവധിയുള്ള വിസയുമായി ഫെബ്രുവരി 26നാണ് 74കാരനായ ഹരജിക്കാരൻ കൊച്ചിയിലെത്തിയത്. തുടർന്ന് ടൂറിസ്റ്റ് എന്ന നിലയിൽ കണ്ടനാട് തങ്ങി. ഇതിനിടെയാണ് അപ്രതീക്ഷിതമായി കോവിഡും ലോക്ഡൗണും വരുന്നത്. അഞ്ചുവർഷം കാലാവധിയുള്ള വിസയാണെങ്കിലും ആറ് മാസത്തിലധികം ഇന്ത്യയിൽ തങ്ങാൻ വിദേശിക്ക് കഴിയില്ല. തുടർന്നാണ് ആഗസ്റ്റ് 24ന് വിസ കാലാവധി പൂർത്തിയാകാനിരിക്കെ ആറ് മാസത്തേക്കുകൂടി നീട്ടിനൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. അമേരിക്കയിൽ ഒരുലക്ഷത്തോളം പേർ കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ ഇന്ത്യയിൽ തങ്ങുന്നതാണ് സുരക്ഷിതമെന്നും കേരളത്തിൽ ഒരുബിസിനസ് പദ്ധതി തുടങ്ങാൻ ആലോചിക്കുന്നതിനാൽ ബിസിനസ് വിസയാക്കി മാറ്റാൻ അനുമതി നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.