മലയോര ഹൈവേ: മാങ്കുളം പഞ്ചായത്തിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം

അടിമാലി: മലയോര ഹൈവേയുടെ രൂപരേഖ പുതുക്കി നിശ്ചയിച്ചപ്പോള്‍ മാങ്കുളം പഞ്ചായത്തിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം. പുതിയ അലൈന്‍മെന്‍റ്​ പ്രകാരം ഇടുക്കിയില്‍ ഇരുട്ടുകാനം മുതലാണ് മലയോര ഹൈവേ തുടങ്ങുക. നേര്യമംഗലം മുതല്‍ അടിമാലി ഇരുട്ടുകാനം വരെ ദേശീയപാത 85ലൂടെയാണ് വരുക. പഴയ അലൈൻമെന്‍റ് പ്രകാരം എറണാകുളം ജില്ല പിന്നിട്ട് നേര്യമംഗലത്തുനിന്ന് ആറാം മൈല്‍ എളംബ്ലാശേരി-കുറത്തിക്കുടി-മാങ്കുളം-കല്ലാര്‍വഴി ഇരുട്ടുകാനത്ത് എത്തി രാജാക്കാട് വഴിയാണ് പാത. എന്നാല്‍, ആദിവാസി പിന്നോക്കമേഖലയിലെ 70 കിലോമീറ്ററോളം ഒഴിവാക്കിയാണ് പുതിയ രൂപരേഖ. കഴിഞ്ഞ നവംബറില്‍ വിവിധ വകുപ്പ്​ മേധാവികളുടെ യോഗത്തില്‍ മാങ്കുളം മേഖലയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എളംബ്ലാശേരി മുതല്‍ മാങ്കുളംവരെ വനമേഖലയിലൂടെയാണ് കടന്നുപോകുന്നു എന്ന കണ്ടെത്തലാണ് മേഖലയെ ഒഴിവാക്കാന്‍ കാരണമായി അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ മലയോര ഹൈവേയുടെ ഭാഗമായ മാമലക്കണ്ടം - എളംബ്ലാശേരി റോഡിന്റെ നിര്‍മാണോദ്ഘാടനം 2018 മാര്‍ച്ച് മൂന്നിന് അന്നത്തെ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് നിര്‍വഹിച്ചിരുന്നു. കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍, മുന്‍ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മലയോര ഹൈവേയുടെ നിര്‍മാണ ജോലികളുടെ ഉദ്ഘാടന ഫലകം സ്ഥാപിച്ചത്. മാങ്കുളം പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന മലയോര ഹൈവേ യാഥാര്‍ഥ്യമാകുന്നു എന്നത് പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായി. ഇതോടൊപ്പം അടിമാലി പഞ്ചായത്തിലെ വിദൂര ആദിവാസി സങ്കേതങ്ങളായ കുറത്തിക്കുടി, ആവറുകുട്ടി, എളംബ്ലാശേരി മേഖലകള്‍ക്കും എറണാകുളം ജില്ലയിലെ മാമലക്കണ്ടം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കും മലയോര ഹൈവേ ഏറെ വികസനപ്രതീക്ഷയാണ് നല്‍കിയത്. ഇതിനിടെയാണ് ആറു​ മാസം മുമ്പ്​ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. എളംബ്ലാശേരി മുതല്‍ കുറത്തിക്കുടിവരെ 5.5 മീറ്റര്‍ വീതിയില്‍ വനംവകുപ്പ് അനുമതി നല്‍കുന്ന മുറക്ക്​ ടൈല്‍ വിരിച്ച് റോഡ് നിര്‍മാണത്തിന് നടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് മാങ്കുളം പഞ്ചായത്ത് നിവാസികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.