മോഷ്ടിച്ച സ്‌കൂട്ടറുമായി യുവതി പിടിയിൽ

കാക്കനാട്: നഗരത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ മോഷ്ടിച്ച സ്‌കൂട്ടർ പിടികൂടി. മേയ് 22 ന് വൈകുന്നേരം കാക്കനാട്-കളമശ്ശേരി മേഖലയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സീപോർട്ട് -എയർപോർട്ട് റോഡിൽ ഹെൽമെറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെയും കൂടെയുണ്ടായിരുന്ന 17 വയസ് തോന്നിക്കുന്ന കുട്ടിയെയും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചു. ഇതോടെ വാഹനം അതിവേഗത്തിൽ ഓടിച്ചുപോയ യുവതിയെ ഉദ്യോഗസ്ഥർ പിന്തുടരുകയായിരുന്നു. അഞ്ച് കിലോമീറ്ററോളം ഉദ്യോഗസ്ഥർ സ്‌കൂട്ടറിനെ പിന്തുടർന്നു.

തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ വാഹനം സുഹൃത്തിന്റേതാണെന്നായിരുന്നു യുവതിയുടെ മറുപടി. എന്നാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വാഹനം അടിമാലിയിലാണെന്ന വിവരം ലഭിച്ചു. ഇതോടെ വാഹനത്തിന്‍റെ നമ്പർ വ്യാജമാണെന്ന് മനസ്സിലാവുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ യഥാർഥ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി ഉടമയെ ബന്ധപ്പെടുകയുമായിരുന്നു.

ഫെബ്രുവരി 22ന് എറണാകുളം കോൺവെന്റ് ജങ്ഷനിൽ നിന്നാണ് വാഹനം മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. വാഹനം കളമശേരി പൊലീസിന് കൈമാറി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. ഷിജു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.ബി. വിഷ്ണു പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ പിടികൂടിയത്.

Tags:    
News Summary - Woman arrested with stolen scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.